Friday 12 August 2011

ഒരു പൂവിന്റെ പാട്ട്


അമ്മയാം പ്രകൃതി മൊഴിഞ്ഞുള്ളതാണൊരു
അന്‍പിയലുന്നൊരു വാക്കാണു ഞാന്‍......
നീലമേലാപ്പില്‍ നിന്നൊപ്പോഴോ ഞെട്ടറ്റ്
ഭൂമിതന്‍ പച്ച വിരിപ്പില്‍ തിളങ്ങി ഞാന്‍.....
ശിശിരത്തില്‍ ഉദരത്തില്‍ ജന്മമെടുത്തു ഞാന്‍...
വസന്തത്തില്‍ ജാതയായി....
ഗ്രീഷ്മം മടിയിലിട്ടെന്നെ വളര്‍ത്തി
ശരത് കാല ശയ്യയില്‍ ഞാനൂറങ്ങി
വെളിച്ചം വരുന്നു....
വിളിച്ചു പറഞ്ഞു ഞാന്‍
വിഭാതത്തില്‍ കാറ്റില്‍ ചിറകില്‍
ഇരുളാര്‍ന്നു പകലിന്‍ വിട ചൊല്ലും
പക്ഷികള്‍ക്കൊപ്പമെന്‍ കരളും കരഞ്ഞു പോകും
നിറച്ചാര്‍ത്താണയിപ്പൂ ഭൂതലം
ഞാനതില്‍ സൌരഭ്യമേറ്റുന്നു നിര്‍ഭരം
ഞാനുറങ്ങുമ്പോള്‍ ഒരായിരം
താരകര്‍ കണ്ണുകളെന്നെ കടാക്ഷിപ്പൂ വത്സലം
ഞാനുണര്‍ന്നാദ്യം കണ്‍പ്പാര്‍ത്തു സൂര്യന്റെ
ദീപ്തമാം നേത്രം പ്രപഞ്ച പ്രദീപം
മധുരിതം മഞ്ഞിന്‍ കണം വീഞ്ഞു പോലെനിക്ക്
അമൃതമായി കാതില്‍ കിളികുലകൂജനം
കാറ്റില്‍ കുണുങ്ങിയാടുന്ന പുല്‍തണ്ടിനോടെത്താടുന്നു
ഞാന്‍ നര്‍ത്തനം മോഹനം....
ഞാന്‍ പ്രണയികള്‍ക്ക് പാരിതോഷികം
ഞാന്‍ മനോഞ്ജ മംഗല്യ ഹാരം
ഞാന്‍ മണം മായാത്തൊരോര്‍മ്മ പുഷ്പം
ഞാന്‍ മൃതര്‍ക്ക ജീവന്റെ അവസാന സമ്മാനം
ഞാന്‍ സുഖദുഃഖഭേദമന്യേ സഹചാരി
എന്നുമെന്‍ വദനം പ്രകാശത്തിന്മുഖം
അഴല്‍ പോലെയെന്‍ ചാരെ നിഴല്‍ വീണിടുമ്പോഴും
അറിയട്ടെ മാനവന്‍ വിജ്ഞാന വെഭവം
അറിവേറെയുണ്ടെങ്കിലും മൌഢ്യമാര്‍ന്നവന്‍..

അമ്മയാം പ്രകൃതി (Click here to download)
കവിത: ഒരു പൂവിന്റെ പാട്ട് (Song of a flower)
രചന: ഖലീല്‍ ജിബ്രാന്‍
വിവര്‍ത്തനം: ഷാജഹാന്‍ ഒരുമനയൂര്‍
ആലാപനം: ഷിഹാബ്

1 comment: