Monday 27 February 2012

ഗോപികാദണ്ഢകം


അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ

ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ

തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..

തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..



കവിത: ഗോപികാദണ്ഡകം
രചന: അയ്യപ്പ പണിയ്ക്കര്‍
ആലാപനം: വേണുഗോപാല്‍

22 comments:

  1. 4ഷെയേഡ് സൈറ്റില്‍ അപ്ഗ്രഡേഷന്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.. വിഡ്ജറ്റിലൂടെ കേള്‍ക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കൂ.. ഏവര്‍ക്കും ശുഭദിനാശംസകള്‍..!!


    നന്ദി!

    ReplyDelete
  2. സുഹൃത്തേ , പുതിയ കവിതയ്ക്ക് നന്ദി.വേറെ എങ്ങു നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റാഞ്ഞ കുറെ പുത്യ കവിതകള്‍ ഇവിടെ നിന്ന് കിട്ടി...ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  3. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  4. നന്ദി സുഹൃത്തേ..

    ReplyDelete
  5. കൃഷ്ണാ നീ എന്നെ അറിയില്ല' എന്ന കവിതക്ക് എഴുതിയ ഈ മറുപടി കവിത കുറെയൊക്കെ മന:പാഠമാണ്. വീണ്ടും ഇവിടെ വായിച്ചപ്പോള്‍ ഒരു സുഖം..

    ReplyDelete
  6. സത്യം പറഞ്ഞാൽ അഭിമാനം തോന്നാണ് ട്ടൊ ..
    പുലർക്കാലം ഒരുക്കുന്ന ഓരോ വിഭവങ്ങളും എത്ര മധുരം..എത്ര ഹൃദ്യം...!

    ReplyDelete
  7. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    നന്ദി ..:)

    ReplyDelete
  8. ഏവര്‍ക്കും ഗോപികദണ്ഡകം ഇഷ്ടമായന്നറിഞ്ഞതില്‍ വളരേയേറെ സന്തോഷം.. പൊന്‍പുലരി!

    ReplyDelete
  9. വീണ്ടും വായിക്കുവാനും കേൾക്കുവാനും കഴിഞ്ഞു. നന്ദി.

    ReplyDelete
  10. തിരുത്തുകൾ ശ്രദ്ധിക്കുമല്ലോ...
    1. നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
    2. എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു
    3. പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
    4. നിനക്കു നിന്‍ മാര്‍ഗ്ഗം
    5. മലയേന്തി നില്‍ക്കുന്ന നിലയും
    6. ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍

    ReplyDelete
    Replies
    1. അക്ഷരതെറ്റുകള്‍ തിരുത്തി തന്നതിന് ഒത്തിരി നന്ദി! അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

      ഏവര്‍ക്കും ശുഭദിനാശംസകള്‍!

      Delete
  11. നന്ദി.. കൃഷ്ണ, നീയെന്നെ അറിയില്ല ഒരു വേദനയാണ് മനസ്സില്‍..
    എപ്പോഴൊക്കെയോ നീ എന്നെ അറിഞ്ഞിരുന്നു എന്ന് കേള്‍ക്കുമ്പോള്‍..... എന്ത് ഞാന്‍ പറയേണ്ടു.. ഒരു ഗദ്ഗദം ഹൃദയത്തിലോടുങ്ങുന്നു..
    ഒരു തുള്ളി കണ്ണീരിന്‍ നനവില്‍ മനസ്സിലൊരു കര്‍ണികാരം പൂക്കുന്നു..
    നന്ദി..

    ReplyDelete
    Replies
    1. ഏതൊരു വേര്‍പാടും നൊമ്പരമുണര്‍ത്തുന്നതാണ്. അപ്പോള്‍ പിന്നെ പ്രണയിച്ചുകൊണ്ടിരിയ്ക്കുമ്പോഴുണ്ടാകുന്ന വേര്‍പാടിനെകുറിച്ച് പറയേണ്ടില്ലല്ലോ.. തന്റെ കാമുകനെ/കാമുകിയെ കാത്തിരിയ്ക്കുന്ന ഓരോ നിമിഷത്തിനും ഒരു യുഗത്തിന്റെയത്ര ദൈര്‍ഘ്യം കാണും. വിവിധ വികാരങ്ങള്‍ മനസ്സില്‍ തലതല്ലുന്ന നിമിഷങ്ങള്‍. ദേഷ്യം, പരിഭവം, പരാതി അവസാനം സങ്കടത്തിലാഴ്ന്ന് കണ്ണുനീരായി പ്രവഹിയ്ക്കുന്നു.

      നന്ദി അവന്തിക!

      Delete
  12. നീ എന്നെ അറിയുന്നു ; എങ്കിലും പറയട്ടെ;
    നിന്നെ മാത്രം കാത്തു കാത്തിരിക്കുന്ന രാധയാവേണ്ടെനിക്ക്,
    നീ കരം ഗ്രഹിച്ച രുഗ്മിണിയായാല്‍ മതി!!!

    ReplyDelete
    Replies
    1. പ്രണയത്തിനു മുന്നില്‍ എല്ലാവരും സ്വാര്‍ത്ഥരാണല്ലേ.. :)

      Delete
    2. പിന്നല്ലേ, നിത്യകാമുകിയായി വൃഥാ കാത്തിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടം?
      ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ, എന്നെങ്കിലും ഒരുനാള്‍ രുഗ്മിണി ആവാമെന്ന് !
      :)

      Delete
    3. ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ, എന്നെങ്കിലും ഒരുനാള്‍ രുഗ്മിണി ആവാമെന്ന് ! ... aa pratheekshayalle,chilappozhokke kavithakalayi peythirangunnathu... paribhavum parathiyum idakalarthii krishnaa nee anne ariyilla annu paryumbozhokeyum pranayam mizhikalil vannu nirayarund... verutheyenkilum ee kathirippinumille avanthike oru sukham :)

      Delete
  13. എന്നെന്നും പ്രിയപ്പെട്ടത് ♥

    ReplyDelete