Thursday 1 March 2012

ജെസ്സി


ജെസ്സി നിനക്കെന്ത് തോന്നി
പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം
സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിയ്ക്കവേ
ഉത്തുംഗകതകളില്‍ പാ‍ര്‍വ്വതി ശങ്കര
തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ
തൃപ്തി തീത്ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ
ലോത്തിന്റെ പെണ്മക്കള്‍
അച്ചനെ പ്രാപിച്ച വാര്‍ത്തയില്‍
കൌമാര ഭാരം നടുങ്ങവേ
കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്‍ക്കവേ
സംഭ്രമപ്പൂവില്‍ ചുവപ്പ് ചാലിയ്ക്കാവേ
ജെസ്സി നിനക്കെന്തു തോന്നി
കാറ്റിന്റെ കാണാ പിയാ‍നോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപായ് പാട്ടുകള്‍
സായന്തനത്തില്‍ പ്രസന്നതിയ്ക്കിപ്പുറം
വാടി വീഴുന്നു വിളഞ്ഞ സുഗന്ധികള്‍
പൊണ്‍ചേരയെപ്പോല്‍ നിറം ചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞു കേറുന്നു തീരങ്ങളില്‍
മൂളാത്തതെന്തു നീ ജെസ്സീ
മൂളാത്തതെന്തു നീ ജെസ്സീ
മനസ്സിന്റെ കോണില്‍
കിളീചാര്‍ത്തുറക്കം തുടങ്ങിയോ
വാക്കുകള്‍ മൌനക്കുടക്കയില്‍
പൂട്ടിവെച്ചോര്‍ത്തിരിയ്ക്കാന്‍ മു
ള്‍ക്കിരീടം ധരിയ്ക്കുവാന്‍
നീള്‍വിരല്‍ താളം മറക്കുവാന്‍
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെ കുരുക്കുവാന്‍
ജെസ്സീ നിനക്കെന്തു തോന്നി
ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോത്സവങ്ങളില്‍
നോക്കി കുലുങ്ങാതെ നിര്‍വൃതി കൊള്ളുന്ന
നോക്കിക്കുത്തിപ്പാറ നോക്കി നാം നില്‍ക്കവേ
നിദ്രാടനത്തിന്റെ സങ്കീര്‍ണ്ണ സായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കി-
ലോര്‍ക്കുകില്‍ പാട്ടിനു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല
നെല്ലോല തമ്മില്‍ പറഞ്ഞു ചിരിയ്ക്കുന്ന കണ്ടുവോ
അക്കങ്ങള്‍ അസ്വസ്ഥമാക്കുന്ന ജീവിത തര്‍ക്കങ്ങളില്‍
പിന്നെ നീ കുഴങ്ങീടവേ
ജന്മം തുലഞ്ഞു തുലഞ്ഞു പോകേ
പുണ്യ കര്‍മ്മകാണ്ഢങ്ങളില്‍ കാട്ടു തീ ചുറ്റവേ
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടനായി ഉറഞ്ഞിറങ്ങീടവേ
മാംസദാഹത്തിന്‍ മഹോന്നതാ വേദിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്ടപ്പെടുത്തി തിരുച്ചുവന്നതെന്തിനോ
കഷ്ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ
എങ്ങും മുഖം മൂടി നിന്നെ നോക്കി
ചിരിച്ചന്ന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്ത് തോന്നി
നിന്റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമ
തെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോ
കണ്ണീരുറഞ്ഞ കവിളിലെ ഉപ്പു ഞാനെന്‍
ചുണ്ടുകൊണ്ട് നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്
സ്നേഹം പുതപ്പിയ്ക്കുവാന്‍ വന്നതിന്നാണ്
പിന്നെ അബോധ സമുദ്രത്തിലെന്തോണിയില്‍
നമ്മളൊന്നായി അഗാധതയ്ക്കന്ത്യം കുറിയ്ക്കുവാന്‍
തുഴഞ്ഞു നീ നീങ്ങിടവേ കണ്ടോ പരസ്പരം ജെസ്സീ
കണ്ടോ പരസ്പരം ജെസ്സീ ജഡങ്ങളാല്‍
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ
അസ്ഥികൂടങ്ങളെ മഞ്ജയില്ലാത്തൊരാ ദുഃഖകീടങ്ങളെ
തെറ്റിന്‍ തരങ്ങളെ
താളവട്ടങ്ങള്‍ ചിലമ്പവേ
ഒക്ടോബര്‍ നാലു നേത്രങ്ങളില്‍ നിന്നു പെയ്തീടവേ
ഞെഞ്ചോടു നെഞ്ചു കുടുങ്ങി അവസാനം
മുന്തിരി പാത്രം കുടിച്ചുടച്ചീടവേ
വ്യഗ്രഥവെച്ച വിഷം തിന്നീടവേ
എന്റെ ജെസ്സി നിനക്കെന്തു തോന്നി
ജെസ്സി നിനക്കെന്തു തോന്നി



ജെസ്സീ (Click here to download)
കവിത: ജെസ്സി
രചന: കുരീപ്പുഴ ശ്രീകുമാര്‍
ആലാപനം: കുരീപ്പുഴ ശ്രീകുമാര്‍

5 comments:

  1. ആശംസകള്‍...

    ReplyDelete
  2. നൊമ്പരപ്പെടുത്തുന്ന കവിത.
    ആശംസകള്‍

    ReplyDelete
  3. സുപ്രഭാതം കൂട്ടരെ..

    ജെസ്സി എന്ന ഈ കവിത അനുവാചകരിലേയ്ക്ക് എങ്ങിനെയാണ് കണ്‍വേ ചെയ്തിരിയ്ക്കുന്നതെന്നെനിയ്ക്കറിയില്ല. ജെസ്സി എന്നത് ഇന്നിന്റെ സ്ത്രീരൂപമാണ്... ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  4. കുരീപ്പുഴയുടെ ബ്ലോഗില്‍ ഇന്ന് ജെസ്സിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഇന്നാണിത് കേള്‍ക്കുന്നത്.

    ReplyDelete