Thursday 22 March 2012

നിന്നെ ഞാനറിഞ്ഞത്



കടക്കണ്ണിനുള്ളികുത്താല്‍
കരള്‍ കാതല്‍ കടഞ്ഞെന്റെ
കിനാക്കണ്ണില്‍ നിലാവേറ്റം
നടത്തുന്നോള്‍ നീ
എന്റെ അമാവാസിക്കറുതിയായ്
ഉദിയ്ക്കുന്നോള്‍ നീ

നിറകൊണ്ടോരിരുള്‍ കാവില്‍
തിരിപ്പന്ത തിളക്കത്തില്‍
കടുവര്‍ണ്ണ മുഖത്തേപ്പും
കരിഞ്ചോപ്പും ഞൊറിഞ്ഞിട്ടീ
വെരും ചെണ്ട പെരുക്കത്തില്‍
മുടിയഴിച്ചീ കാവു മൂടി
ചിലമ്പിട്ടൊരു ചോടിളക്കി
ഉറയുന്നോള്‍ നീ
എന്നിലെ ആദിമന്റെ
ചോരയോട്ട കനല്‍ താളം നീ
എന്നിലെ ആദിമന്റെ
ചോരയോട്ട കനല്‍ താളം നീ

വരമഞ്ഞള്‍ കളമേറി
ഇലഞ്ഞിപ്പൂ മരപ്പോട്ടില്‍
ഇഴഞ്ഞേറും പുള്ളോര്‍ക്കുട-
മിടിപ്പായോള്‍ നീ
എന്റെ മിടിപ്പിന്റെ മുടിപ്പായി
തിടമ്പേറുന്നോള്‍

അക്ഷരത്തിരയിളക്കത്തില്‍
തുഴത്താള കുതിപ്പായി
ഈണമൂറും പാട്ടാറായ്
കരകവിഞ്ഞോള്‍ നീ
എന്റെ ഉള്ളുടുക്കിന്‍ ഈണമായ്
അലിഞ്ഞോള്‍ നീ

അരിചാന്ദിന്‍ തുടര്‍വരയില്‍
ഭദ്രയായും രുദ്രനായും
ജീവിതത്തിന്‍ കുതിപ്പായും, കിതപ്പായും
അവതരിച്ചോള്‍ നീ
എന്നില്‍ നിറമേഴും വിരിച്ചാടി
ചോടുവെക്കുന്നോള്‍
എന്നില്‍ നിറമേഴും വിരിച്ചാടി
ചോടുവെക്കുന്നോള്‍

നഖപ്പാടിന്‍ ഇരുള്‍ വഴിയെ
കരിംപാല വസന്തത്തില്‍
ഇരുള്‍ കീറി ചിരിച്ചെന്നെ
നടുക്കിയോള്‍ നീ
എന്നിലെ മുക്കണ്ണിലെ
മൂക്കുത്തി തിളക്കം തന്നോള്‍

ഇരപ്പാട്ടിന്‍ കരുത്തായ്
കതിര്‍പ്പൊലിച്ച കറുത്തപാട്ടായ്
വെയിലുകൊണ്ട് വിയര്‍ത്തൊരെന്നെ
പുണര്‍ന്നോള്‍ നീ
എന്റെ തളര്‍ന്നാടിയില്‍ ഉണര്‍പ്പാട്ടിന്‍
പ്രവാഹം തീര്‍ത്തോള്‍
എന്റെ തളര്‍ന്നാടിയില്‍ ഉണര്‍പ്പാട്ടിന്‍
പ്രവാഹം തീര്‍ത്തോള്‍

മരുപച്ച തണല്‍ കാട്ടി
വെയില്‍ കൂര തെരിക്കാലില്‍
കിതപ്പേറും ദാഹമേറ്റി
മറഞ്ഞോള്‍ നീ
എന്നിലെ ഹരിണ തൃഷ്ണയ്ക്ക്
അതിരുണര്‍ത്തിയൊരു
അകം പൊരുളേ നീ

ശിലയുണര്‍ന്നു ചിരിച്ചപ്പെണ്ണഴ-
കൊളി വിടര്‍ത്തിയ
മിഴി നിലാവില്‍
ഹൃദയ തന്ത്രി നനച്ചു
മോഹന വസന്തം തീര്‍ത്തോള്‍
എന്റെ മനക്കണ്ണില്‍ ശിലാമോക്ഷ
തിരി തെളിച്ചോള്‍ നീ
എന്റെ മനക്കണ്ണില്‍ ശിലാമോക്ഷ
തിരി തെളിച്ചോള്‍ നീ

എന്റെ നോവിന്‍ മിഴി താപം
നെഞ്ചിലേറ്റി എരിഞ്ഞു നിന്നെന്‍
ഇടമുറിഞ്ഞു പിടഞ്ഞ പാട്ടായ്
ചിലമ്പിട്ടോള്‍ നീ
ഇടമുറിഞ്ഞു പിടഞ്ഞ പാട്ടായ്
ചിലമ്പിട്ടോള്‍ നീ

പലനിലത്തില്‍ കുരിശിലേറ്റോള്‍
നെറുകയില്‍ തീയാണിയേറ്റോള്‍
നാവറിഞ്ഞുള്‍ കഥകലങ്ങി
കഴലുകെട്ടി കരളുടഞ്ഞോള്‍
നാടകന്നു കരഞ്ഞുണര്‍ന്നോള്‍
കാടു ചുറ്റി കനി പകര്‍ന്നോള്‍
വിഷം തീണ്ടി നീലയായോള്‍
ഏഴു കടലും നീന്തി വന്നോള്‍
ഏഴു കരയും താണ്ടി വന്നോള്‍
മൃതിയൊടുങ്ങിയ ചാമ്പലില്‍
നിന്നുയിരുണര്‍ന്നോള്‍

ജഡയുലച്ചു പതഞ്ഞു പാഞ്ഞെന്‍
ചാവുമണ്ണിന്‍ ധമനി തോറും
അമൃത വര്‍ഷിണിയായ് നിറഞ്ഞെന്‍
ജീവനാകുക നീ
പ്രണയം കടലെടുത്ത മനസ്സുകള്‍ക്കും
കരുണയുരാ മിഴിമുനയ്ക്കും
ഒഴിവിലെത്തിയ നാവുകള്‍ക്കും
ഉള്ളുവെന്ത പിടച്ചിലില്‍
കുടിനീരു തേടുമിന്നുകള്‍ക്കും
കതിരുണര്‍ന്നൊരു പുലരിയായ്
പുതുവെട്ടമാകുക നീ
കതിരുണര്‍ന്നൊരു പുലരിയായ്
പുതുവെട്ടമാകുക നീ



കവിത: നിന്നെ ഞാനറിഞ്ഞത്
രചന: സന്തോഷ് ബാബു ശിവന്‍
ആലാപനം: സന്തോഷ് ബാബു ശിവന്‍

11 comments:

  1. Replies
    1. നമസ്ക്കാരം അനിലേട്ടന്‍.. സുഖം തന്നെയല്ലേ?
      ഇമെയില്‍ അയച്ചിട്ടുണ്ട്...

      Delete
  2. വരമഞ്ഞള്‍ കളമേറി
    ഇലഞ്ഞിപ്പൂ മരപ്പോട്ടില്‍
    ഇഴഞ്ഞേറും പുള്ളോര്‍ക്കുട-
    മിടിപ്പായോള്‍ നീ
    എന്റെ മിടിപ്പിന്റെ മുടിപ്പായി
    തിടമ്പേറുന്നോള്‍
    അക്ഷരത്തിരയിളക്കത്തില്‍
    തുഴത്താള കുതിപ്പായി
    ഈണമൂറും പാട്ടാറായ്
    കരകവിഞ്ഞോള്‍ നീ
    എന്റെ ഉള്ളുടുക്കിന്‍ ഈണമായ്
    അലിഞ്ഞോള്‍ നീ....
    മുരുഗന്റെ വേറിട്ടൊരു ആലപനം പോലെയല്ലെ ..
    ആദ്യം തൊന്നിയില്ല കേട്ടൊ മുരുഗന്‍ ആണെന്ന് !

    ReplyDelete
  3. അവസാന വരികള്‍ വളരെ ഹൃദ്യം!

    ReplyDelete
  4. എത്ര നല്ല ആലാപനം...താങ്ക്സ്

    ReplyDelete
  5. ഏവർക്കും ആശംസകൾ..നന്ദി...!

    ReplyDelete
  6. നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. സുപ്രഭാതം!

    ReplyDelete
  8. നല്ല താളം ;-)
    (തുടക്കം മാത്രമേ വായിച്ചുള്ളൂ... ഇത്രയധികം വായിക്കാറില്ല )

    ReplyDelete
    Replies
    1. വിഡ്ജറ്റില്‍ ക്ലിക്ക് ചെയ്ത് പ്ലേ ചെയ്താല്‍ വരികള്‍ അതിന്റെ താളത്തോടെ തന്നെ കേള്‍ക്കുവാന്‍ സാധ്യമാകും!

      നന്ദി!

      Delete