Saturday 24 March 2012

അഗ്നിശലഭങ്ങള്‍


അഗ്നിശലഭങ്ങളായിന്നു കുട്ടികള്‍
ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍
കാട്ടുതീപോലെ കുരുവിക്കുരുന്നിന്റെ
കൂട്ടില്‍ വീഴും പരുന്തിന്‍ നിഴല്‍‌പോലെ
കുന്നിറങ്ങും കൊടുങ്കാറ്റിന്‍ മൂളലായ്
രാത്രിയില്‍ പേടി പൂക്കുന്ന സ്വപ്നമായ്
ഞെട്ടിയാര്‍ത്തു നിലത്തുവീണുടയുന്നു
ഞെട്ടില്‍‌നിന്നൂര്‍ന്നുവീഴുന്ന മൊട്ടുകള്‍

പാലുനല്‍കും കരം വിഴുങ്ങുന്നോരും
ഭൂതഭീകരക്കാട്ടുന്യായങ്ങളില്‍
പാതയേതെന്നറിയാത്ത പഥികരായ്
മാതൃഹൃദയം പിളര്‍ന്നാര്‍ത്തലയ്ക്കുന്നു
കംസനീതിയാല്‍ കൂട്ടം പിരിഞ്ഞവര്‍
ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍

ഉമ്മതന്നു വളര്‍ത്തിയ നാടെന്റെയമ്മ
പുഴതന്നവള്‍ പൂത്ത മരവും മരത്തിലെ
കിളിയും കിളിച്ചൊല്ലുകവിതയും തന്നവള്‍
സര്‍വ്വലോകസുഖം ഭവിയ്ക്കേണമെ-
ന്നുണ്ണി നാവില്‍ ഹരിശ്രീ കുറിച്ചവള്‍

ഔദ്ധസഞ്ചാരവീഥികള്‍ തന്നവള്‍
ഗീത തന്നവള്‍ ഗായത്രി തന്നവള്‍
നബിയെ നന്മതന്‍ നിസ്കാരവീഥിയെ
ജറുസലേമിന്റെ കഥയില്‍ കരഞ്ഞവള്‍
എന്റെ നാടമ്മ നമ്മെയൊക്കെയും
പെറ്റുപോറ്റിവളര്‍ത്തി വിരിയിച്ചവള്‍
ഗര്‍ഭപാത്രത്തിലഗ്നിനൂല്‍ത്തിരികളെ
അഗ്രജന്മാര്‍ കൊളുത്തിയെറിയുമ്പൊഴും
പുത്രദുഃഖക്കണ്ണുനീര്‍ച്ചാല്‍ തുടയ്ക്കുന്ന
കൃഷ്ണവര്‍ണ്ണയാം സൈരന്ധ്രിയാണവള്‍

കണ്ണുകെട്ടി മുഖം മറച്ചിരുളില്‍ വന്ന-
മ്മതന്‍ മാറില്‍ ഉന്നം തെരക്കുമ്പോള്‍
ഗര്‍ഭപാത്രം പിളര്‍ന്നുമ്മപറയുന്നോരു
നക്ഷത്രദീപ്തമാം വാക്കുകള്‍ കേള്‍ക്കുക
പുത്രനെക്കാളും വലുതെന്റെ പെറ്റനാട്
വാക്കിന്റെയഗ്നിയില്‍ ചുട്ടുപോകും
നിന്റെ തോക്കും നിണം വീണ നിന്നട്ടഹാസവും
സിംഹനാദം‌പോല്‍ മുഴങ്ങുമീയമ്മതന്‍
മന്ത്രമധുരമാം വാക്കാണു കേരളം

അറിയുക നിങ്ങളഗ്നിശലഭം
ചതിച്ചിറകരിഞ്ഞഗ്നിവഴികളില്‍ വീഴുവോര്‍
വഴിപിഴയ്ക്കുന്ന വിഘടനക്കഴുകന്റെ
ചിറകരിഞ്ഞതിന്‍ തൂവലാല്‍ മാനവ-
പ്രണയവര്‍ണ്ണക്കൊടിക്കൂറ തുന്നിടാം
ഒരു പുലര്‍കാലസൂര്യാംശുതന്‍
ചെറുകുളിര്‍വെയില്‍ച്ചൂടില്‍
വിരിയട്ടെ പൂവുകള്‍



കവിത: അഗ്നിശലഭങ്ങള്‍
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

6 comments:

  1. ഈ കവിത കാട്ടാക്കട “ഭഗവാന്‍” എന്നൊരു സിനിമയ്ക്കു വേണ്ടി ചെയ്തതാണ്.. ഈ പൊന്‍പുലരിയില്‍ പുലര്‍ക്കാലം നിങ്ങള്‍ക്കു വേണ്ടി സമര്‍പ്പിയ്ക്കുന്നു..

    നന്ദി!

    ReplyDelete
  2. ഗാംഭീര്യമുണർത്തും വരികളും ആലാപനവും...നന്ദി ട്ടൊ...!

    ReplyDelete
  3. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. ആദ്യമായാണ് മുരുകന്‍ കാട്ടാക്കടയുടെ കവിത കേള്‍ക്കുന്നത്. നന്ദി

    ReplyDelete
    Replies
    1. കാട്ടാക്കടയുടെ എല്ലാ കവിതകളും കേട്ടിരിയ്ക്കേണ്ടതാണ്.. കുറച്ച് കവിതകള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. സമയം പോലെ എല്ലാം കേട്ടു നോക്കൂ.. “രേണുക”, “പറയുവാന്‍ മറന്നത്” ഇതൊക്കെ ഉജ്ജ്വലമായ കവിതകളാണ്..!

      Delete
  5. നന്ദി വര്‍ഷിണി, തങ്കപ്പന്‍ സര്‍ & അജിത്തേട്ടന്‍..

    ReplyDelete