Sunday 25 March 2012

വാടക വീട്ടിലെ വനജ്യോത്സന


മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..
മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..
കൂടുമാറുന്ന പക്ഷിപോല്‍
വാടക വീടൊഴിഞ്ഞിന്നു-
പോവുകയാണു ഞാന്‍
മണ്‍ വിളക്കും ഈ പാത്രങ്ങളും
എന്റെ പൊന്മുളം തണ്ടുമൊക്കെയായിതാ
പോകയായി ഞാന്‍ യാത്ര ചോദിയ്ക്കാതെ
പോവതെങ്ങനെയെന്നോര്‍ത്തു നിന്‍ മുന്നില്‍
വന്നു നില്‍ക്കുവെ മിണ്ടുവാനാവുന്നീല്ല
അന്തരശ്രുക്കള്‍ വാക്കുകളാവുമോ
അക്ഷരങ്ങളായ് പൊട്ടിവിരിയാത്ത
ദുഃഖ ബീജങ്ങള്‍ എത്രയുണ്ടെന്നുള്ളില്‍
ഈ ചെറു മാത്ര പൊട്ടി തിളര്‍ന്നിങ്ങു
ഒരഗ്നിമേഘം ഉരുണ്ടു കൂടുന്നുവോ
മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..

നിന്നെയാദ്യമായ് കണ്ടതെന്നാകിലും
അന്നുതൊട്ടെന്റെ ഉള്‍തേനറകളില്‍
നിന്‍ തുഷാര ധവള മനോഹര
മന്ദ സുസ്മിത കാന്തിയും, മാധക-
ഗന്ധവും സംഭരിച്ചു ഞാന്‍ ഏകാന്ത-
ബന്ധുര നിമിഷങ്ങളില്‍ മോന്തുവാന്‍
കണ്ണ്വ പുത്രിയെ കൊണ്ട് വനജ്യോത്സന
എന്നരോമന പേര്‍ വിളിപ്പിയ്ക്കവേ
ആ ചതുരാക്ഷരിയില്‍ ഒതുക്കിയെന്‍
അര്‍ച്ചന ലോല ഭാവാനുഭൂതികള്‍
ഏതു മാലിനി തീരത്തിലാകിലും
ഏതു മണ്‍കുടില്‍ മുറ്റത്തിലാകിലും
ഏതു നന്ദനോദ്യാനത്തിലാകിലും
ഏതഗമ്യ വനാന്തത്തിലാകിലും
നിന്റെ നിശ്വാസ സൌരഭം
ശേഖരിച്ചെന്റെ തീരത്തടുത്തിടും വഞ്ചികള്‍
നിത്യഭാസുരം ഭാവസ്ഥിരമെത്ര
ഹൃദ്യമീ ജനലാന്തര സൌഹൃദം
നാമടുത്തും അകന്നും യുഗപരിണാമ
ലീലതന്‍ വൃന്ദ ഗാനങ്ങളില്‍
നീന്തിടും സ്വര ബിന്ദുക്കളീ വിധം
നീണ്ടു പോകുന്നു യോഗവിയോഗങ്ങള്‍
നീന്തിടും സ്വര ബിന്ദുക്കളീ വിധം
നീണ്ടു പോകുന്നു യോഗവിയോഗങ്ങള്‍

ആദ്യമായ് ഈ പടികടന്നെത്തിയോ-
രാദിനാന്തത്തില്‍ ഞാനുമെന്നോര്‍മ്മയും
മണ്‍വിളക്കിന്‍ വെളിച്ചത്തിലീ
ചെറു മന്ദിരത്തിന്റെയുമ്മറ തിണ്ണയില്‍
ദൂര ദര്‍ശന ശ്യാമങ്ങളാം
ഗഖ തീരകോടിതന്‍ അവ്യക്ത രേഖകള്‍
നോക്കി വീര്‍പ്പിട്ടിരിയ്ക്കവെ കണ്ടു ഞാന്‍
പൂക്കണിയുമായ് മുറ്റത്ത് നില്‍പ്പു നീ
വെണ്ണിലാവൊളി എണ്ണ പുരട്ടിയ
വെണ്‍മലര്‍ത്തിരി നീട്ടി ചിരിച്ചു നീ
ഹാ നിതാഗ നിരാര്‍ദ്രത വാട്ടിയ മേനി
യെങ്കിലും പണ്ടത്തെയാ ചിരി
താന്നി തൊണ്ട നനയ്ക്കുന്നതിന്‍ മുന്‍പ്
താമരക്കയ്യാല്‍ തണ്ണീര്‍ പകരുവാന്‍
കണ്ണ്വ നന്ദിനീയില്ലാത്തൊരു മുറ്റത്ത്
യെന്നു വന്നു നീ എന്തിനു വന്നു നീ

യെന്തൊരന്തരം യെങ്ങുജ്ജയ്നി
ഈ ചന്ത വക്കെങ്ങ് നിന്നാദ്യ പുഷ്പത്താല്‍
വാസിതമായ വാടികയെങ്ങ്
യെങ്ങീ വാടകവീട്ടിലിത്തിരി മുറ്റവും

എങ്കിലും നിലനില്‍ക്കുന്നു നാം കാല-
മെന്തിനോ നിലനിര്‍ത്തുന്നു നമ്മെയും
അന്തരാത്മാവില്‍ ഈ യുഗമേല്‍പ്പിച്ച
നൊമ്പരങ്ങളുമായിങ്ങു കൂടി നാം
നിന്റെ നിശ്വാസ സൌരഭമീ യുഗത്തിന്റെ
ജീര്‍ണ്ണ ദുര്‍ഗ്ഗന്ധത്തെ വെല്ലുമോ
എന്‍ മുളം തണ്ടിലൂടെ വിടര്‍ന്നിടും
എന്റെ നിശ്വാസ പുഷ്പകോശങ്ങളില്‍
ഈ യുഗത്തിന്റെ ദാഹം ശമിപ്പിയ്ക്കും
ശീമബ്ദിയില്‍ ലഹരി തുളുമ്പുമോ
ക്രോധ മൂര്‍ച്ചയില്‍ നിന്നു ക്ഷണമാത്ര
മോചനത്തിന്‍ അമൃതം കിനിയുമോ
ഈ മുളം തണ്ടിലൂതവേ എന്‍ പ്രിയ
ഭൂമി ഞാന്‍ നിനക്കേകുന്നുതെന്നെയും

കൂടുമാറുന്ന പക്ഷിപോല്‍
വാടക വീടൊഴിഞ്ഞിന്നു
പോവുകയാണു ഞാന്‍
കൂടുമാറുന്ന പക്ഷിപോല്‍
വാടക വീടൊഴിഞ്ഞിന്നു-
പോവുകയാണു ഞാന്‍
മണ്‍ വിളക്കും ഈ പാത്രങ്ങളും
എന്റെ പൊന്മുളം തണ്ടുമൊക്കെയുമായിതാ
പോകയാണു ഞാന്‍ ആ പുനര്‍ദര്‍ശന
ഭാഗദേയമാം സ്വപ്നം വിരിയുമോ
പോയ് വരട്ടെ ലതാഭഗിനി
നിന്‍ പൂവിരിയാത്ത ലോകമുണ്ടാകുമോ
മാപ്പു നല്‍കൂ പ്രിയ വനജ്യോത്സനേ
നീ മാപ്പു നല്‍കുമോ സ്നേഹിച്ച തെറ്റിനായ്..
വേദനിയ്ക്കിലും വേദനിപ്പിയ്ക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍
വേദനിയ്ക്കിലും വേദനിപ്പിയ്ക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍



കവിത: വാടക വീട്ടിലെ വനജ്യോത്സന
രചന: ഒ.എന്‍.വി
ആലാപനം: വേണുഗോപാല്‍

5 comments:

  1. സ്നേഹബന്ധങ്ങള്‍, പ്രണയങ്ങള്‍ വെറും അക്ഷരചാര്‍ത്തിലായ് ഒതുങ്ങുമ്പോള്‍ ഓര്‍മ്മിയ്ക്കുവാന്‍ മുദ്രമോതിരങ്ങള്‍ വേണ്ടിവരുന്നു.. ഋതുഭേതങ്ങള്‍ പറവകളെ തീരങ്ങള്‍ മാറി ചേക്കയേറ്റുന്നു.. വേദനിയ്ക്കിലും, വേദനിപ്പിയ്ക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍.. സ്നേഹമാണഖിലസാരമൂഴിയില്‍... എവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. ഡൌണ്‍ ലോഡ് ചെയ്തു. കേള്‍വി പിന്നെ

    ReplyDelete
  3. നന്നായിട്ടുണ്ട് കൊച്ചു മുതലാളി...ആശംസകള്‍

    ReplyDelete
  4. രചനയും,ആലാപനവും ഏറെ ഇഷ്ടപ്പെട്ടു
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  5. കവിത കേട്ട ഏവര്‍ക്കും നന്ദി!
    സുപ്രഭാതം!

    ReplyDelete