Tuesday 27 March 2012

അഗ്നിസന്ദേശം


തടവറകൂട്ടിലൊരു ചുടുകാറ്റടിയ്ക്കുന്നു
തിരമിഴികള്‍ പുലരി തിരയുന്നു
ഉശിരിന്റെ ഊര്‍ജ്ജം ഉണര്‍ത്തുപാട്ടാകവേ
ഒരു തീക്കനല്‍ മുളയ്ക്കുന്നു
തടവറകൂട്ടിലൊരു ചുടുകാറ്റടിയ്ക്കുന്നു
തിരമിഴികള്‍ പുലരി തിരയുന്നു
ഉശിരിന്റെ ഊര്‍ജ്ജം ഉണര്‍ത്തുപാട്ടാകവേ
ഒരു തീക്കനല്‍ മുളയ്ക്കുന്നു
അഗ്നി സന്ദേശം പകര്‍ന്നു നല്‍കെ
ഒരു ആയുധ പുര ചിരിയ്ക്കുന്നു
തീരാത്ത വേദന തീയില്‍ നിന്നൊരു
രക്ത പുഷ്പം വിടര്‍ന്നു നില്‍ക്കുന്നു
തീരാത്ത വേദന തീയില്‍ നിന്നൊരു
രക്ത പുഷ്പം വിടര്‍ന്നു നില്‍ക്കുന്നു
ഒരു നല്ല നളെതന്‍ നാവോറു കേള്‍ക്കാത്ത
കരളുകള്‍ കലഹമറിയുന്നു
തെരുവിന്റെ സന്തതികള്‍ അസ്വസ്ഥ-
ചിന്തതന്‍ തീപ്പന്തമേന്തിനില്‍ക്കുന്നു
അഴകുള്ള സ്നേഹം ഒഴുക്കുവാനാകാതെ
പുഴകള്‍ക്കു നെഞ്ചു പിടയുന്നു
വിഷലിക്തമാകുന്ന ഹൃദയങ്ങള്‍ സൂക്ഷിച്ച
വിമലതയ്ക്കാധി നുരയുന്നു
വഴിവക്കിലൊരു വേനല്‍ വൃക്ഷത്തില്‍
രാപ്പാടി വിധിയെ പഴിച്ചു കേഴുന്നു
നിഴല്‍പോലുമന്യമായ് തീരുന്ന ബന്ധങ്ങള്‍
ഇഴപൊട്ടി അയലിലലയുന്നു
കഴുകന്റെ ചിറകടി താളത്തിലാരോ
കഴുമര കയറു കെട്ടുന്നു
തഴുതിട്ട മനസ്സിലെ കാര്‍മുകില്‍
താളിലൊരു എഴുതാത്ത കവിതയെഴുതുന്നു
ചുടുകാട്ടില്‍ പൊറുതിയ്ക്കു വന്നൊരീ പഥികന്റെ
ഇടനെഞ്ചില്‍ ചോര പൊടിയുന്നു
പാവങ്ങള്‍ ഞങ്ങളെ ആരോ ചതിച്ചെന്നു
പാഴ്മുളം തണ്ടു തേങ്ങുന്നു
രൂക്ഷമാം പക്ഷപാതങ്ങളില്‍ പെട്ടിതാ
ഊഴിതന്‍ നിനവ് തളരുന്നു
കൈമുനമ്പില്‍ വന്നിരിയ്ക്കുന്ന തുമ്പിയ്ക്ക്
കാരുണ്യമന്യമാകുന്നു
രൂക്ഷമാം പക്ഷപാതങ്ങളില്‍ പെട്ടിതാ
ഊഴിതന്‍ നിനവു തളരുന്നു
കൈമുനമ്പില്‍ വന്നിരിയ്ക്കുന്ന തുമ്പിയ്ക്ക്
കാരുണ്യമന്യമാകുന്നു
നക്ഷത്ര പൂക്കളമിട്ട നിലാവിന്റെ
ഇഷ്ടങ്ങള്‍ നഷ്ടമാകുന്നു
വാഴ്വിന്റെ സ്പന്ദിത താളവട്ടങ്ങളില്‍
നോവിന്‍ ചിലമ്പു പിടയുന്നു
കാലത്തിനെതിരെ കലാപം കുറിയ്ക്കുവാന്‍
കാര്‍മഴ തോറ്റമുണരുന്നു
കാലത്തിനെതിരെ കലാപം കുറിയ്ക്കുവാന്‍
കാര്‍മഴ തോറ്റമുണരുന്നു
എല്ലാം സഹിച്ചവര്‍ക്കില്ലായ്മയില്‍ നിന്നും
ചൊല്ലാര്‍ന്ന വീറു നേടുന്നു
ഉദയമാകുന്നു ഉണര്‍ത്തുപാടട്ടേകുവാന്‍
ഉന്മയുടെ ഊരു വിരിയുന്നു
സമയമാകുന്നു തുടിച്ചു പോരാടുവാന്‍
സമരഭടരണി നിരക്കുന്നു
സമയമാകുന്നു തുടിച്ചു പോരാടുവാന്‍
സമരഭടരണി നിരക്കുന്നു



കവിത: അഗ്നിസന്ദേശം
രചന: രാജീവ് ആലുങ്കല്‍
ആലാപനം: സുദീപ് കുമാര്‍

3 comments:

  1. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. ബില്ലടയ്ക്കാന്‍ വൈകിയതുകൊണ്ട് നെറ്റ് കമ്പനി ഡൌണ്‍ഗ്രേഡ് ചെയ്തു. (നാളെ പുനഃസ്ഥാപിക്കും) കേള്‍ക്കാന്‍ ഇന്ന് ഇത്തിരി ബുദ്ധിമുട്ടും. വായിച്ചു പക്ഷെ..

    ReplyDelete
    Replies
    1. സാവധാനം കേള്‍ക്കൂ.. :)
      സുപ്രഭാതം!

      Delete