Tuesday 3 April 2012

മദഹ്


ആ ചന്ദ്രതാരം സ്വലാത്ത് ചൊല്ലും
നിനക്കാകാശവും താഴെ ഈ ഭൂമിയും
ആയിരം നാവുകള്‍ അമ്മട്ടില്‍ ചൊല്‍കിലും
ആകില്ലവിടുത്തെ മദഹ് തീര്‍ക്കാന്‍
മദഹ്.. മദഹ്.. മദഹ്

കറുകറുത്തൊരു നിശയിലെ ചന്ദ്രനായ്
കാര്‍മേഘപാളിയില്‍ സൂര്യനായ്
കറുകറുത്തൊരു നിശയിലെ ചന്ദ്രനായ്
കാര്‍മേഘപാളിയില്‍ സൂര്യനായ്
കറുപ്പല്ല വെളുപ്പല്ലെ ദൃഷ്ടിയില്‍ ഈശ്വരന്‍
അകതാരിനുള്ളിലെ വെണ്മയത്രെ
മദഹ്.. മദഹ്.. മദഹ്

ഇലാഹിന്റെ വീട്ടിലേയ്ക്കാദ്യം ക്ഷണിയ്ക്കുവാന്‍
ഇശലായതന്നു കറുത്ത നീഗ്രോ
കല്ലല്ല മണ്ണല്ല കാറ്റും കടലുമല്ല
ആദ്യത്യ ചന്ദ്രന്മാരാരുമല്ല
സൃഷ്ടിച്ചതേകന്‍ അവനുതാന്‍ പ്രാര്‍ത്ഥന
സ്രഷ്ട ബിംബങ്ങള്‍ തകര്‍ന്നിടുന്നു

അങ്ങയെ ദൈവം അനാഥനാക്കി പിന്നെ
ആയിരം ആടുകള്‍ക്കിടയനാക്കി
താഥനും തായയും താന്‍ തന്നെയെന്നോതി
താന്ത ഹൃദയങ്ങള്‍ക്കഭയമായി

വര്‍ണ്ണങ്ങള്‍, വര്‍ഗ്ഗങ്ങള്‍, രാജകിരീടങ്ങള്‍
യെല്ലാം മറന്നു മറഞ്ഞു പോയി
ഏകവിദാതാവ് തന്റെ രാജ്യത്തിന്റെ
ഏകമാം ച്ഛത്രമെന്നങ്ങു ചൂടി

ഇളങ്കാറ്റനക്കമായ് പനിനീര്‍ സുഗന്ധമായ്
അവിടുന്നു കരുണതന്‍ മൂര്‍ത്തിയായ്
കൊടും വാതമായ് ഇടിവെട്ടായിരുട്ടിന്റെ
കോട്ടയില്‍ തീപ്പിണര്‍ മിന്നലായി

അങ്ങെന്‍ കരളില്‍ അണഞ്ഞിടുന്നു സ്വര്‍ഗ്ഗ
പുഷ്പങ്ങള്‍ പുഞ്ചിരി തൂകിടുന്നു
ആത്മാവുയിര്‍ക്കുന്നു ആകാശ സീമകള്‍
അറിയാതെയെങ്ങോ പറന്നിടുന്നു

ആ ചന്ദ്രതാരം സ്വലാത്ത് ചൊല്ലും
നിനക്കാകാശവും താഴെ ഈ ഭൂമിയും
ആയിരം നാവുകള്‍ അമ്മട്ടില്‍ ചൊല്‍കിലും
ആകില്ലവിടുത്തെ മദഹ് തീര്‍ക്കാന്‍
മദഹ്.. മദഹ്.. മദഹ്



കവിത: മദഹ്
രചന: ഷാജഹാന്‍ ഒരുമനയൂര്‍
ആലാപനം: മുരുഗന്‍ കാട്ടാക്കട

6 comments:

  1. “കറുകറുത്തൊരു നിശയിലെ ചന്ദ്രനായ്
    കാര്‍മേഘപാളിയില്‍ സൂര്യനായ്
    കറുപ്പല്ല വെളുപ്പല്ലെ ദൃഷ്ടിയില്‍ ഈശ്വരന്‍
    അകതാരിനുള്ളിലെ വെണ്മയത്രെ”

    ശുഭസായാഹ്നം!

    ReplyDelete
  2. രചനയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. ആദ്യമായി കേള്‍ക്കുകയാണ് ഈ കവിത.. ലളിതമായ വരികള്‍ .. ഹൃദ്യം!

    ReplyDelete
  4. കേട്ടു. ഇഷ്ടമായി

    ReplyDelete
  5. "കറുപ്പല്ല വെളുപ്പല്ലെ ദൃഷ്ടിയില്‍ ഈശ്വരന്‍
    അകതാരിനുള്ളിലെ വെണ്മയത്രെ"

    ആശംസകള്‍

    ReplyDelete
  6. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

    ശുഭസായാഹ്നം!

    ReplyDelete