Tuesday 10 April 2012

പകലുകള്‍ രാത്രികള്‍


നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിന്‍ കണ്ണില്‍ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നു രാത്രികള്‍
പകലുകള്‍ നിന്നില്‍ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളില്‍
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവില്‍ കിടന്നുവോ നമ്മള്‍
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരില്‍ കഴിഞ്ഞുവോ നമ്മള്‍

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതന്‍
പിടിയില്‍ നില്‍ക്കുന്നില്ല കാലം
പലതുണ്ട് താരങ്ങള്‍, അവര്‍ നിന്നെ ലാളിച്ചു
പലതും പറഞ്ഞതില്‍ ലഹരിയായ് തീര്‍ന്നുവോ
പറയൂ മനോഹരീ സന്ധ്യേ

അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂര്‍ച്ഛയില്‍
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെന്‍
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിന്‍ കാണും

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോള്‍
ഇതു കൂടിയൊന്നോര്‍ത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാന്‍ നില്‍ക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!



കവിത: പകലുകള്‍ രാത്രികള്‍
രചന: അയ്യപ്പ പണിയ്ക്കര്‍
ആലാപനം: നെടുമുടി വേണു

22 comments:

  1. പ്രണയം ഒരിയ്ക്കലും തിരിച്ചറിയാതെ പോകരുത്.. പ്രണയിച്ചവര്‍ക്കും, പ്രണയിക്കുന്നവര്‍ക്കും, പ്രണയം കൊതിയ്ക്കുന്നവര്‍ക്കും, പ്രണയം നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പുലര്‍ക്കാലമീ കവിത സമര്‍പ്പിയ്ക്കുന്നു..!

    പൊന്‍പുലരി!

    ReplyDelete
  2. ചിറകുകള്‍ മുറിച്ചു കളഞ്ഞിട്ടു നീ പോകെ..
    ചിറകറ്റ പക്ഷി ഞാന്‍ ഈ ഇരുളില്‍ തനിച്ചാകുന്നു,
    നീ തന്ന ജീവിതം നിനക്ക് തന്നെ നല്‍കുന്നു,
    നീ തന്ന ചിറകുകളും.
    ചിറകുമായ് നീ ഇനി പിറകെ വരോല്ലേ..
    (.......:(
    )

    ReplyDelete
  3. വല്ലാത്ത നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന വരികള്‍...അയ്യപ്പപ്പണിക്കരുടെ തൂലികസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ വരികള്‍.

    ReplyDelete
  4. “ചിറകറ്റ പക്ഷിയ്ക്ക്” ഒരു കാലഘട്ടത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയില്ല! മനുഷ്യനില്‍ പ്രാണന്‍ നിലനില്‍ക്കുന്നിടത്തോളം തലമുറകളിലൂടെയീ കവിത സഞ്ചരിയ്ക്കും. മനുഷ്യനുണ്ടെങ്കില്‍ പ്രണയമുണ്ട്, പ്രണയ നഷ്ടമുണ്ട്..!

    ReplyDelete
  5. ജീവിതസത്യം വിളിച്ചോതുന്ന കവിത.
    ആശംസകള്‍

    ReplyDelete
  6. സ്നേഹം അറിയിക്കട്ടെ പുലർക്കാലത്തിന് പ്രണയാർദ്രമായ ഓർമ്മകൾ സമ്മാനമായ് നൽകിയതിന്.!

    ReplyDelete
  7. ഒരു കാലത്ത്‌ നെഞ്ചേറ്റി നടന്ന, ഇപ്പോഴും അറിയാതെ പലപ്പോഴും മൂളിപ്പോകുന്ന കവിത ...
    നന്ദി അനില്‍ .

    ReplyDelete
  8. തീഷ്ണമായ വരികള്‍.. അല്‍പസമയം കലാലയ ജീവിതത്തിലൂടെ കടന്നു പോയീ..

    ReplyDelete
  9. This one I wanted to hear very badly. thanks. Another one I want to listen is "Kurathi"

    any luck???

    ReplyDelete
    Replies
    1. തീര്‍ച്ചയായും! കുറത്തി പുലര്‍ക്കാലത്തില്‍ പോസ്റ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ... രണ്ട് കവിതകള്‍ക്ക് ശേഷമാകുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ.. :)

      Delete
    2. താങ്ക്സ്

      Delete
  10. തിരിച്ചറിയാത്ത പ്രണയം , മറഞ്ഞിരിക്കുന്ന മാണിക്യം പോലെയാണ്...കുന്നുകളും, മലകളും,മനോഹരങ്ങളായ താഴ്വാരങ്ങളും താണ്ടി മുന്നോട്ടു കുതിക്കേണ്ട ആ മാണിക്യതേര്, വഴിക്കെവിടെയോ ദിശ അറിയാതെ അലയേണ്ടി വരുമ്പോള്‍ ,ഒരുപാട് മഹാകാവ്യങ്ങള്‍ രചിക്കപ്പെടാതെ പോകും...ഓരോ പ്രണയവും തിരിച്ചറിയപ്പെടട്ടെ...അതിന്റെ മനോഹാരിത പരസ്പ്പരം അറിയട്ടെ....നേടിയ പ്രണയങ്ങള്‍ ഒരിക്കലും നഷ്ട്ടപ്പെടാതിരിക്കട്ടെ.....

    പ്രണയ വിരഹ ഭാവങ്ങള്‍ നിറഞ്ഞ മനോഹരമായ ഒരു കവിത അവതരിപ്പിച്ച കൊച്ചുമുതലാളിക്ക് ആശംസകള്‍...

    ReplyDelete
    Replies
    1. പ്രണയം നഷ്ടപ്പെട്ടവന്‍ മാണിക്യം നഷ്ടപ്പെട്ട പാമ്പിനെപ്പോലെയാണ്.. :)

      Delete
  11. എവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. പൊന്‍ പുലരി.. സ്നേഹമഴ!

    ReplyDelete
  12. വരുമെന്നു ചൊല്ലി നീ,ഘടികാരസൂചിതന്‍
    പിടിയില്‍ നില്‍ക്കുന്നില്ല കാലം...
    -പ്രണയാര്‍ദ്രമായ ഏതോ ഒരോര്‍മ്മ...!!

    ReplyDelete
    Replies
    1. കരയുവാന്‍ പോലുമരുതാത്ത നെഞ്ചിലെ കഠിന വേദന പ്രണയമല്ലയോ..!

      Delete
  13. ക്ഷമിക്കണം... ഈ കവിതയുടെ പേര് “പകലുകൾ രാത്രികൾ” എന്നാണ്... നെടുമുടി പാടിയിരിക്കുന്നത് ഈ കവിതയിലെ ചില ഭാഗങ്ങൾ മാത്രമാണ്... ഇവിടെ കൊടുത്തിരിക്കുന്നത് സമ്പൂർണ്ണമല്ല എന്ന് സാരം... എന്തായാലും good effort taken... keep it up...

    ReplyDelete
    Replies
    1. മാമ്പഴത്തില്‍ ഈ കവിത ഞാന്‍ കേട്ടിരുന്നു. അതില്‍ പകലുകള്‍ രാത്രികള്‍ എന്ന പേരിലാണ് കണ്ടിരുന്നത്.. പക്ഷെ, പലയിടങ്ങളിലും ചിറകറ്റ പക്ഷിയ്ക്ക് എന്നാണ് ഇതിന്റെ ടൈറ്റില്‍ കണ്ടിരുന്നത്. എന്തായാലും തിരുത്താം. നന്ദി. വീണ്ടും വരിക... കവിതകള്‍ ആസ്വദിയ്ക്കുക!

      Delete
  14. Does anybody have Gowri?
    Had hear it long time back from malayalavedhi. But cudnt find it since

    thanks
    jacob

    ReplyDelete
  15. Hello Jacob, first of all I would like to say thanks for visiting Pularkkalam. I've your desired poem Gowri, will post here as soon as possible. Thanks for the request.!

    ReplyDelete
  16. Thanks for Gowri,

    Appreciate it! was looking for this in every audio shop!

    I have a good recital of Pakalukal Rathrikal by a relatively unknown guy (Krishnakumar Vishwajeevanam).
    Plz let me know how can I share it.

    cheers
    Jacob_

    ReplyDelete
    Replies
    1. മാമ്പഴത്തില്‍ പാടിയ വേര്‍ഷനുണ്ട് എന്റെ കയ്യില്‍, ആലാപനത്തില്‍ ഭാവം മുഴുവന്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിയ്ക്ക് തോന്നുന്നില്ല..! ബുദ്ധിമുട്ടാവില്ലെങ്കില്‍ കൃഷ്ണകുമാര്‍ പാടിയ വേര്‍ഷന്‍ anilkumarkarimbanakkal@gmail.com എന്ന ഐഡിയിലേയ്ക്ക് ഇമെയിലായി അയച്ചു തന്നാല്‍ മതി..!

      നന്ദി.. ശുഭദിനാശംസകള്‍!

      Delete