Thursday 31 May 2012

മണ്ണാങ്കട്ടയും കരിയിലയും


മണ്ണുകൊണ്ടുരുട്ടി വാര്‍ത്ത കട്ട ഞാന്‍
പെണ്ണൊരുത്തി കൂട്ടു നീ കരിയിലയും
ജീവിതം വിധിച്ച കാശി യാത്രയില്‍
നമ്മള്‍ രണ്ടും ഒത്തു ചേര്‍ന്നു യാത്രയായ്

എന്തിനെന്റെ പാതയില്‍ പൊഴിഞ്ഞു നീ
എന്തിനെന്റെ മണ്ണിലുമ്മവെച്ചു നീ
കണ്ടനാളെതൊട്ടെയുള്ള സംശയം
ഉത്തരങ്ങളൊന്നുമില്ല നിശ്ചയം

ഈ തളിര്‍ത്ത ഞെട്ടിനെ മറന്നു നീ
നീ വളര്‍ന്ന പൂമരം വെടിഞ്ഞു നീ
ഒന്നുമേതുമായിടാത്ത മണ്ണിനായ്
സ്വപ്നവും മനസ്സുമേകി സ്വന്തമായ്

അന്നൊരിയ്ക്കല്‍ കാട്ടുതീ പടര്‍ന്ന നാള്‍
പച്ചിലപ്പടര്‍പ്പു പോലും ചാരമായ്
എന്റെ മണ്ണ് കൊണ്ട് നിന്നെ മൂടി ഞാന്‍
സ്വയമെരിഞ്ഞു അന്നു നിന്നെ കാത്തു ഞാന്‍

മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞു വീണ നാള്‍
മണ്ണീലെ തുടിപ്പുകള്‍ തണുത്ത നാള്‍
മണ്ണു ഞാനലിഞ്ഞടര്‍ന്നുടഞ്ഞീടാ-
തെന്നെ മൂടി നിന്നതെന്‍ കരിയിലയാള്‍

കുഞ്ഞുകാറ്റടിയ്ക്കവെ ഭയന്നു നീ
എന്റെ പിന്നില്‍ വന്നൊളിച്ചു നിന്നു നീ
കൊടിയ കാറ്റടിച്ച നാള്‍ പറന്നിടാ-
തെന്റെ മാറിനോടു ചേര്‍ന്നു നിന്നു നീ

ആദ്യവര്‍ഷ നീരുതിര്‍ന്നു വീണനാള്‍
മണ്ണിലേയ്ക്ക് നനവിറങ്ങി പോയനാള്‍
മണ്ണുകട്ടയാമെനിയ്ക്കു കൂട്ടുമായ്
എന്നെ നീ മറച്ചു നീയാം കുടയുമായ്

ചൂടിലെന്റെ ചാരെ വന്ന തണലു നീ
വേനലില്‍ വിരുന്നു വന്ന കുളിരു നീ
എത്രയേറെ പച്ചില തളിര്‍ക്കിലും
എന്നുമെന്റെ കൂട്ടു നീ കരിയില നീ

സ്വന്തമെന്നു നാം നിനച്ചതൊക്കെയും
അന്യമായി തീര്‍ന്നിടുന്നീ യാത്രയില്‍
നഷ്ടമായതിലതിലുമെത്രയേറയോ
വിലപിടിച്ച നിധികളാണു തമ്മില്‍ നാം

എന്റെ സ്നേഹമൊക്കെയും നിറച്ചു ഞാന്‍
നിന്റെ കാതില്‍ ചൊല്ലിടുന്നീ വാക്കുകള്‍
മണ്ണുമണ്ണിനോടൂ ചേരുന്നീടുന്ന നാള്‍ വരെ
നിന്റെ കയ്യിലെ പിടിവിടില്ല ഞാന്‍

നമ്മെയും ഉറക്കിടുന്നു രാത്രികള്‍
നന്മയാല്‍ ഉണര്‍ത്തിടുന്നു പുലരികള്‍
പാതകള്‍ തെളിച്ചു തന്നു പകലുകള്‍
പാതിയില്‍ പതിയിരുന്നു സന്ധ്യകള്‍

യാത്രയേറെ ദൂരെമുണ്ട് പ്രേയസി
പാര്‍ക്കുവാന്‍ സത്രങ്ങളേറെ യാത്രയില്‍
ഉള്ളിലിഷ്ടമുള്ള കാലത്തോളവും
യാത്രികര്‍ക്കു പഞ്ഞമില്ല പാതയില്‍

ആയിരം കരിയിലകള്‍ക്കിടയിലും
എന്‍ കരിയിലയെ തിരിച്ചറിഞ്ഞു ഞാന്‍
ഇഷ്ടികകളങ്ങള്‍ കണ്ടു പോകവേ
നിന്റെ മണ്ണീനെ മറന്നതില്ല നീ

കക്കുവാന്‍ പഠിച്ച കട്ടുറുമ്പുകള്‍
എന്നകം കവര്‍ന്നരിച്ചു പോയനാള്‍
വേലിയില്‍ കൊരുത്ത കമ്പിമുള്ളുകള്‍
നിന്നിലേകീ നോവെഴും മുറിവുകള്‍

ആരൊരാള്‍ ചെരുപ്പിനാല്‍ ചവിട്ടിയെന്‍
മണ്മനസ്സുടയ്ക്കാന്‍ ശ്രമിച്ചുവോ
ആയൊരാളിന്‍ വെറ്റില മുറുക്കിനാല്‍
നിന്മുഖം വിളര്‍ന്നു രക്ത വര്‍ണ്ണമായ്

കണ്ണീലെ തിളക്കമറ്റു പോകിലും
പെണ്ണു നീ വിളക്കെനിയ്ക്കു യാത്രയില്‍
കാലുകള്‍ തളര്‍ന്നു നീ കിതയ്ക്കവേ
തോളിലേറ്റി നിന്നെ ഞാനെടുത്തിടും

ചങ്കുഞാന്‍ തരുന്നിതാ നിന്‍ കൈകളില്‍
നീയെടുത്തു കൊള്‍ക നിന്റെ സ്വന്തമായ്
കൊക്കില്‍ ജീവനുള്ള കാലമൊക്കയും
സ്പന്ദനങ്ങളായിടട്ടെ നിനില്‍ ഞാന്‍

കാറുകോളുമൊത്തു ചേര്‍ന്നു വന്നിടാം
കാറ്റും മഴയും പാതയില്‍ പെരുകിടാം
മഴയില്‍ ഞാനലിഞ്ഞില്ലാതെയായിടാം
കാറ്റുനിന്നെ നീറ്റിലേയ്ക്കു പാറ്റിടാം

നാളെ മണ്ണുകട്ടയോര്‍മ്മയായിടാം
നാളെയീ കരിയില സ്വപ്നമായിടാം
ജന്മമൊന്നുകൂടെ ദൈവം നല്‍കുകില്‍
അന്നും മണ്ണുകട്ട ഞാന്‍ കരിയില നീ

നീ തരുന്ന സ്നേഹത്തിനു പകരമായ്
ഞാന്‍ നിനക്കു നല്‍കിടുന്നുറപ്പിതാ
കാലം നമ്മെ വേര്‍പ്പെടുത്തും നാള്‍ വരെ
നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍



കവിത: മണ്ണാങ്കട്ടയും കരിയിലയും
രചന: രാജേഷ് അക്കിത്തയം
ആലാപനം: രമേഷ് മുരളി

9 comments:

  1. കൊള്ളാം കൊച്ചുമുതലാളി..ഇഷ്ടായി..അവരെ പിരിച്ചില്ല അല്ലെ..അതിനു മനസ്സ് വരണില്ല അല്ലെ? നന്നായി

    ReplyDelete
  2. മണ്ണാങ്കട്ടയും കരിയിലയും വളരെ നല്ല വരികളും ..ആലാപനം നല്ലണം ആസ്വദിക്കാന്‍ കഴിഞ്ഞു ...കൊച്ചുമുതലാളി വന്നത് കൊണ്ട് ഇനിയും നല്ല കവിതകള്‍ കേള്‍ക്കാം

    ReplyDelete
  3. വേദനിച്ച് ആസ്വദിച്ചു.

    ReplyDelete
  4. വായിച്ചു. കേള്‍ക്കാന്‍ കഴിയുന്നില്ല

    ReplyDelete
    Replies
    1. വിഡ്ജറ്റില്‍ എന്തോ പ്രോബ്ലമുണ്ടെന്ന് തോന്നുന്നു. ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.. പ്ലീസ് ട്രൈ ഇറ്റ്!

      നന്ദി!

      Delete
  5. ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പരസ്പര
    വിശ്വാസത്തില്‍ ആനന്ദപൂര്‍ണ്ണമാക്കുന്ന
    അര്‍ത്ഥവത്തായ വരികള്‍! ഹൃദ്യമായി!!
    ആലാപനം കവിതയുടെ ശോഭ വര്‍ദ്ധിപ്പിച്ചു!!!
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  6. "നീ തരുന്ന സ്നേഹത്തിനു പകരമായ്
    ഞാന്‍ നിനക്കു നല്‍കിടുന്നുറപ്പിതാ
    കാലം നമ്മെ വേര്‍പ്പെടുത്തും നാള്‍ വരെ
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍"

    മനോഹരമായ വരികള്‍....ആശംസകള്‍ കൊച്ചുമുതലാളി..

    ReplyDelete
  7. നല്ല വരികൾ. നല്ല ആലാപനം. നന്നായി ആസ്വദിച്ചു. ഇന്ന് 05.06.2018 രാവിലെ UAE യിെലെ ഒരു റേഡിയോ ചാനലിൽ ആണ് അവിചാരിതമായി ആദ്യം കേട്ടത്.

    ReplyDelete