Friday 6 July 2012

നീയും ഞാനും


പ്രണയിച്ചിരുന്നു നാം ഒരു നാളില്‍ ഈ മര-
ത്തണലില്‍ തളിര്‍ക്കുട കീഴില്‍
പ്രണമിച്ചിരുന്നു നാം ആ നാളില്‍ ആഴമാം-
സ്നേഹം പകുക്കവേ തമ്മില്‍
നിഴല്‍ വീണ വഴികളില്‍ മിഴിയോടു മിഴി നോക്കി-
രാഗം മൊഴിഞ്ഞു നാം തമ്മില്‍
ഒരു ലോകം, അതില്‍ നമ്മള്‍ മാത്രമായെങ്കിലെ
ന്നൊരുപാടു മോഹിച്ചു മനസ്സില്‍

പ്രണയിച്സിഹ്രുന്നു നാം ഒരു നാളില്‍ ഈ വഴി-
യരികിലെ മാവിന്റെ ചോട്ടില്‍
ഒരുമിച്സിരുന്നു നാം കാറ്റില്‍ പൊഴിഞ്ഞതാം-
മാവിലകള്‍ മൂടിയൊരു കല്ലില്‍
ചുനയുള്ള പുളിമാങ്ങ നെടുകെ പിളര്‍ന്നു നാം-
ഉപ്പും പുരട്ടി കഴിച്ചു
പ്രണയമാം തേനിന്റെ മധുരത്തിലന്നത്-
മാമ്പഴം പോലെ രുചിച്ചു

നാണിച്ചിരുന്നു ഞാന്‍ നിന്നെയെനിക്കേറെ-
ഇഷ്ടമാണെന്നു പറയാന്‍
കാണിച്ചിരുന്നു ഞാന്‍ എന്നിഷ്ടമൊക്കയും-
നോക്കിലും വാക്കിലുമെല്ലാം
ഹൃദയം തുളയ്ക്കുന്നൊരമ്പിന്റെ ചിത്രം-
വികൃതം വരച്ചു ഞാന്‍ തന്നു
കടലാസുതുണ്ടിലെ കടലോളമിഷ്ടം-
അന്നാദ്യമായ് നീ അറിഞ്ഞു

കാതോര്‍ത്തിരുന്നു ഞാന്‍ വളകിലുങ്ങുന്ന നിന്‍-
വര്‍ത്തമാനം കേള്‍ക്കുവാനായ്
കാറ്റേറ്റിരുന്നു ഞാന്‍ മുനുമിനുങ്ങുന്ന നിന്‍-
മുഖതാരകം കാണുവാനായ്
കസവുള്ള പട്ടിന്റെ പാവാടയിട്ടെന്റെ-
മുന്നിലൂടുന്നു നീ വന്നു
അഴകുള്ള പെണ്ണിന്റെ മിഴിവുള്ള കണ്ണിന്റെ-
നോട്ടം കൊതിച്ചു ഞാന്‍ നിന്നു

മോഹിച്ചിരുന്നു നാം ഒരുനാളില്‍ ഈ മലര്‍-
വള്ളിക്കുടക്കീഴിനുള്ളില്‍
ദാഹിച്ചിരുന്നു നാം ഒന്നിച്ചു പോകുവാന്‍-
പുള്ളിക്കുടക്കീഴിനുള്ളില്‍
മഴ മുത്തു കോര്‍ത്തൊരു കര്‍ക്കിടക സന്ധ്യയില്‍-
നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നു
കുടയുടെ പാതിയും ഹൃദയം മുഴുവനും-
നിന്‍ ഇഷ്ടദാനമായ് തന്നു

മഴയായിരുന്നു ഞാന്‍ ഓരോ നിമിഷവും-
നിന്നെ അറിഞ്ഞൊരാ നാളില്‍
മഞ്ഞായിരുന്നു നീ ഓരോരോ മാത്രയും-
എന്നെ പുണര്‍ന്നൊരാ നാളില്‍
മഴമഞ്ഞിലൂടുന്നു തെന്നിക്കളിച്ചു നാം-
ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു
കണ്ണെറിയാതെ കരളറിയാതെ നാം-
ഇത്തിരി കുസൃതികള്‍ ചെയ്തു

വെയിലായിരുന്നു ഞാന്‍ നിന്നിളം മേനി-
രാക്കുളിരില്‍ തണുക്കുന്ന നേരം
മയിലായിരുന്നു നീ ആദ്യനുരാഗമാം-
പീലിവിടര്‍ത്തുന്ന നേഅം
പ്രണയമാം തോണി തുഴഞ്ഞന്നു തമ്മില്‍ നാം-
സ്നേഹത്തിനാഴം അറിഞ്ഞു
മഴ നൂറ്റനൂലിനാല്‍ ഭൂമിയും സ്വര്‍ഗ്ഗവും-
ഹൃദയത്തിനറ്റം അളന്നു

നിഴലായിരുന്നു നീ എന്നിലും എന്റെ രാ-
ക്കനവിലും നിനവിലുമെല്ലാം
തണലായിരുന്നു ഞാന്‍ നിന്നിലും നിന്നിളം-
മിഴിയിലും മനസ്സിലും എന്നു
ഇരുളിന്റെ വേദിയില്‍ വിരല്‍ രൂപമായി നാം-
നിഴല്‍ നാടകങ്ങള്‍ കളിച്ചു
പകലിന്റെ പാതയില്‍ വാകമരങ്ങളായ്-
പൂക്കള്‍ പൊഴിച്ചു നാം നിന്നു

പ്രാര്‍ത്ഥിച്ചിരുന്നു നാം ദൈവത്തിനോടെന്നും-
നമ്മളെ ഒന്നാക്കി മാറ്റാന്‍
യാചിച്ചിരുന്നു നാം ലോകത്തിനോടെന്നും-
നമ്മളെ നല്ലതായ് കാണാന്‍
സ്നേഹത്തിനര്‍ത്ഥങ്ങള്‍ അറിയാതിരുന്നവര്‍-
നമ്മെയും തെറ്റിദ്ധരിച്ചു
നമ്മള്‍ പരസ്പരം വിശ്വാസമര്‍പ്പിച്ച-
നമ്മുടെ സ്നേഹം ജയിച്ചു

വരകളിലോടുന്ന വാക്കിന്റെ തീവണ്ടി-
കാത്തു കൊതിച്ചു നീ നിന്നു
കണ്ണാം കടലിലെ നോക്കിന്റെ കപ്പലില്‍
കയറുവാനായ് ഞാനും വന്നു
അറിയാതെ നമ്മിലെ പ്രാണന്റെ രേണുവാം-
പരമാണുവില്‍ നമ്മള്‍ തൊട്ടു
ആത്മാനുരാഗമാം ആകാശഗംഗയില്‍-
ആത്മാക്കളായ് നാം അലിഞ്ഞു

കണ്ണായിരുന്നു നീ കണ്മണി എന്റെ ക-
ണ്ണെത്താത്ത കാഴ്ചകളിലെന്നും
കാതിരിയുന്നു ഞാന്‍ കാതരേ നിന്‍ കാതു-
കേള്‍ക്കാത്ത കേള്‍വികളിലെല്ലാം
എന്നോ അകന്നൊരെന്‍ പെണ്ണേ അറിഞ്ഞുവോ-
അന്നേ അടഞ്ഞെന്റെ കണ്ണും
നിന്‍ കൂട്ടു വെട്ടി ഞാന്‍ നിന്‍ കൂടു വിട്ടുപോയ്-
കൂടെ നിന്‍ കേള്‍വിയും കാതും

നീയടുത്തില്ലാത്ത നേരങ്ങളില്‍ പ്രിയേ-
ഞാനെന്ന കല്‍പ്പന പാതി
ഞാനരികത്തുള്ള യാമങ്ങളില്‍ പ്രിയേ-
നീയെന്റെ കോവിലില്‍ ദേവി
ഞാന്‍ പൂര്‍ണ്ണമാകുവാന്‍ നീ വേണമെന്‍ സഖി-
നീ പൂര്‍ണ്ണമാകുവാന്‍ ഞാനും
സ്വന്തവും ബന്ധുവും നാം തന്നെ മത്സഖി-
നമ്മള്‍ക്കും നാം തന്നെയെല്ലാം

എന്‍ ശ്വാസമാണെന്‍ നിശ്വാസമാണു നീ-
അന്നുമെന്‍ ഓമനേ എന്നും
ആശ്വാസമാണു നിന്‍ നിശ്വാസമാണു ഞാന്‍-
എന്നെത്തെയും പോലെ ഇന്നും
ഇന്നലകളെപ്പോലെ നമ്മളൊന്നിക്കുന്ന-
നാളെകള്‍ ഇനി വന്നു ചേരാം
എന്നിലും നിന്നിലും പൂവുകള്‍ പൂക്കുന്ന-
കാലങ്ങള്‍ ഇനി വന്നു പോകാം

ഒരു പൂവു വിരിയുമ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ നിന്റെ-
ചിരിയിലെ നഷ്ട വസന്തം
ഒരു പൂവു കൊഴിയുമ്പോള്‍ അറിയുന്നു നീ എന്റെ-
വിരഹദുഃഖത്തിന്റെ മൌനം
വേര്‍പിരിഞ്ഞെങ്കിലും നിന്റെയും എന്റെയും-
ഓര്‍മ്മയില്‍ നമ്മളൊന്നല്ലേ
മറക്കാന്‍ മറന്നു കൊണ്ടോര്‍ക്കുവാനോര്‍ക്കാം-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം.. ഇനി-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം...



കവിത: നീയും ഞാനും
രചന: രാജേഷ് അക്കിത്തയം
ആലാപനം: രമേഷ് മുരളി

9 comments:

  1. യുവ കവി രാജേഷ് അക്കിത്തയത്തിന്റെ ഒരു പ്രണയ കാവ്യം കൂടി ഈ പൊന്‍ പുലരിയില്‍ ഏവര്‍ക്കും വേണ്ടി സമര്‍പ്പിയ്ക്കുന്നു..

    നന്ദി!
    ശുഭദിനാശംസകള്‍!

    ReplyDelete
  2. നല്ല പ്രണയകാവ്യം..സുന്ദരം

    ReplyDelete
  3. "മറക്കാന്‍ മറന്നു കൊണ്ടോര്‍ക്കുവാനോര്‍ക്കാം-
    ഓര്‍മ്മ മാത്രം സ്വന്തമാക്കാം.."

    ആശംസകള്‍

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭസായാഹ്നം!

    ReplyDelete
  5. നല്ല വരികള്‍.. ആലാപനവും നന്നായിട്ടുണ്ട്!

    ReplyDelete
  6. നന്നായിരിക്കുന്നു കവിതയും ആലാപനവും.
    ആശംസകള്‍

    ReplyDelete
  7. പിടിച്ചു വാങ്ങലുകൾ അല്ല പ്രണയം പരസ്പരം മനസ്സുകൊണ്ടു തിരിച്ചറിവുകൾ തന്നെ അപ്പോൾ വിരഹത്തിൻ ഓർമ്മകൾക്കുപോലും ഒരു സുഖമുണ്ടായിരിക്കും

    ReplyDelete