Saturday 7 July 2012

ആരാണു നീ ഒബാമ?


ആരാണു നീ ഒബാമ?
എന്റെ താരാട്ടു പാട്ടിന്റെ ഈണമാണോ?
അമ്മ ചോദിയ്ക്കുന്നു ഇറാഖില്‍ നിന്നും
ആരാണു നീ ഒബാമ?
എന്റെ നാടിന്റെ സ്വാതന്ത്ര്യ ഗീതമാണോ?
കുഞ്ഞു ചോദിയ്ക്കുന്നു കാബൂളില്‍ നിന്നും
ആരാണു നീ ഒബാമ?
എന്റെ കാടിന്റെ ചൂളം വിളികളാണോ?
ആരാണ് ചോദിച്ചതെന്നോ
ചെഗുവേരതന്‍ നാട്ടിലെ പോരാളിയല്ലോ
ആഫ്രിക്കയില്‍ പൂത്ത പൂവു ചോദിയ്ക്കുന്നു
ആരാണു നീ ഒബാമ?
ഗംഗാ നദിയിലെ മത്സ്യങ്ങള്‍ ചോദിപ്പൂ
ആരാണു നീ ഒബാമ?
സിന്ധൂ ഗംഗാ നദീ തീരങ്ങളും
വിന്ധ്യ ഹിമാചല ഗോകര്‍ണ്ണവും
കന്യാകുമാരിയും കാശ്മീരുമൊന്നിച്ചു നിന്നോട് ചോദിപ്പൂ
ആരാണു നീ ഒബാമ?
ആയിരൊത്തൊന്നു കഥകളില്‍ മിന്നിയ നാടുകള്‍
ചുട്ടമണല്‍ക്കാടുകള്‍ ഭീതിയോടല്ലെങ്കിലും
പച്ചമാംസ കരിഞ്ഞ മണത്തിന്റെ മുന്നില്‍ നിന്നാരാഞ്ഞീടുന്നൂ
നീ ആരാണെന്നു ചൊല്ലൂ ഒബാമ?
ലോക മഹായുദ്ധ കേളികളാടിയ വേദാളശക്തിതന്‍
നഷ്ടാവശിഷ്ടങ്ങള്‍ ചോദിച്ചിടുന്നു
ആരാണു നീ ഒബാമ?
മാലാഖയോ, മാര്‍ജ്ജാരനോ നീ ഒബാമ?
കൊല്ലുമോ നീയെന്‍ ഒബാമ?
കൊല്ലുകില്ലെന്നുരയ്ക്കാമോ?
ഗാസയില്‍ മണ്ണില്‍ പുതഞ്ഞു മരിച്ചൊരു
പൂവു ചോദിയ്ക്കുന്ന ചോദ്യം
നേരെ നിവര്‍ന്നുരയ്ക്കാമോ?
കൊല്ലുകില്ലെന്നുരയ്ക്കാമോ?
എല്ലാം തവിടുപൊടിയ്ക്കീടുന്ന
നിന്‍ സര്‍വ്വ സന്നാഹ സംഹാര ശക്തികള്‍
ഒന്നു പോലും ത്യജിയ്ക്കാതെ
എങ്ങിനെ കൊല്ലാതിരിയ്ക്കും ഒബാമ?
ചൊല്ലൂ ഒബാ‍മ നീ അരാണ്?
എന്തിനായ് വന്നു നീ?
കൊല്ലുവാനോ, കൊന്നു തിന്നുവാനോ?
അതോ കൊല്ലല്‍ നിര്‍ത്തി
ഇനി കൊല്ലുകില്ലെന്നുരച്ചീടുവാനോ?
പൊന്നുപോല്‍ നോക്കാന്‍ കഴിയുമോ ഞങ്ങളെ
കൊന്നു നിന്‍ മുന്‍ഗാമി തിന്നതിന്‍ ബാക്കിയായുള്ളൊരീ
കൊല്ലാകൊലക്കിരയായ കുഞ്ഞുങ്ങളെ
അമ്മമാരെ, പിതാശ്രേഷ്ഠരെ,
പന്തങ്ങള്‍ ചിന്തയില്‍ കത്തുന്ന യൌവ്വനത്തെ
നിന്റെ പടയും പടഹവും
ബോംബുകള്‍ ചിന്തുന്ന തീയും പുകയും പകകളും
വാരിധി പോലെ പരക്കും നിണങ്ങളും
ആയതു തീര്‍ക്കും രുദിരപുഴകളും
നിന്റെ റോക്കറ്റുകള്‍ ആകാശ ശൂന്യമാം
ധന്യപ്രപഞ്ച വിഹാരമഹാകാശ മണ്ഢല-
വീഥിയില്‍ നിന്നും ഉതിര്‍ക്കുന്ന തീമഴ
നക്ഷ്ത്ര യുദ്ധപഞ്ചാംഗങ്ങള്‍ തീര്‍ത്തു നീ
നിത്യം കളിയ്ക്കുന്ന ഭീകര ജ്യോതിഷം
നിര്‍ത്താന്‍ കഴിയുമോ
കൊല്ലാത്ത വര്‍ത്തമാനം
ഭാവി ഭാസുരമാക്കുമോ?
ചൊല്ലൂ ഒബാമ കഴിയുമോ താങ്കള്‍ക്ക്?
മുന്‍ഗാമി ചൊല്ലാത്ത സാന്ത്വനം ശാശ്വതം
കൊല്ലാതിരിയ്ക്കുമോയെങ്കില്‍ പറയുക
കൊല്ലുകില്ലാരെയും ആരെയും ഞാനിനി
നിന്റെ പിതാമഹന്മാര്‍ വന്ന നാള്‍വഴി
കണ്ടുമുരളുന്ന വന്‍കര ആഫ്രിക്ക
തന്‍ കൊടുങ്കാട്ടിലെ സിംഹങ്ങള്‍
സംശയം കൊണ്ടു ചോദിയ്ക്കുന്നു
ആരാണു നീ ഒബാമ?
നിന്റെ വംശത്തിന്റെ ചോര
ചോര ചീന്തിയ ചാട്ടവാര്‍ കൂട്ടം
അവര്‍തന്‍ ചങ്കും, കരളും പറിച്ച്
ഭക്ഷിച്ചൊരാ വര്‍ണ്ണ വെറിയ സംഘങ്ങള്‍
നിന്റെ പെണ്ണുങ്ങളെ സംഭോഗ സദ്യയില്‍
രണ്ടു നിമിഷം ഭുജിച്ചൂ ചവച്ചരച്ച്
ചണ്ടിയാക്കി തുപ്പി സായിപ്പു മോദിച്ച
അന്ധകാരത്തിന്റെ നാളുകള്‍ നിര്‍മ്മിച്ച
വന്‍ചതിക്കോട്ടകള്‍
ക്രൂര സംസ്ക്കാര ശവക്കോട്ടകള്‍
മിന്നുന്നുവോ നിന്റെ ഹൃത്തില്‍ സ്മരണകള്‍
തുള്ളുന്നുവോ നിന്റെ ചോര
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും, ലുമുംബയും,
കൃസ്ഹാനിയും വന്നുവോ നിന്റെ സ്മരണയില്‍
നീയൊരു മന്നനോ, മര്‍ത്യനോ, നീഗ്രോയോ
ചൊല്ലുക ആരാണു നീയിന്നൊബാമ?
രാജ്യ സേനാനിയോ വെറും ഭൃത്യനോ ചൊല്ലുക..?
ഓര്‍ക്കുന്നുവോ നിന്‍ മുന്‍ഗാമികള്‍ തീര്‍ത്ത
വേട്ടയില്‍ പെട്ടവരാരോ
ആ മഹാ ഗാന്ധി, ബണ്ഢാരനായക,
വങ്ക ബന്ധു റഹ്മാനും,
നിങ്ങള്‍ തന്‍ സ്വന്തം കെന്നഡി,
മിന്നുന്ന സദ്ധാം ഹുസൈന്‍,
ഹാംസ്റ്റാര്‍ഡില്‍ വിമാനത്തില്‍ നിന്നങ്ങു
വീഴിച്ചതേതു നഗരത്തില്‍
എങ്ങിനെ ഇന്ദിര പോയി, മകന്‍ പോയി
എങ്ങനെ കാര്‍ക്കറെ പോയി
വേട്ടയാടി പിടിച്ചില്ലയോ
നാടിന്റെ നേര്‍ക്കുനേര്‍ നിന്നവരല്ലേ
അവര്‍ നേര്‍ക്കുനേര്‍ നിന്നവരല്ലേ
ഓര്‍ക്കുന്നുവോ ചെഗുവേരയേ,
പാബ്ലോയെ, നാടിന്‍ തലവനനലന്തയെ
ഓര്‍ക്കുമ്പോള്‍ ഭീതിയുണ്ടല്ലേ?
നാണമുണ്ടല്ലേ ഓര്‍ക്കുവാനാല്ലേ?
വീണ്ടും പിടിയ്ക്കുമോ വേട്ടയില്‍
നാടിന്‍ രോമാഞ്ച നായകന്മാരെ?
ചൊല്ലൂ, പറയൂ ഒബാമ
താങ്കള്‍ക്കെന്താണ് പദ്ധതി?
തീര്‍ന്നില്ല പേരുകള്‍
നീളുന്നു പിന്നെയും
നാള്‍വഴി വീഥികള്‍ തോറും
ആരാണു നീ ഒബാമ?
ചൊല്ലുക ആരാണു നീ ഒബാമ?



കവിത: ആരാണു നീ ഒബാമ?
രചന: ജി സുധാകരന്‍
ആലാപനം: ഭുവനേന്ദ്രന്‍ നായര്‍

5 comments:

  1. ആഹാ, നമ്മുടെ ജി സുധാകരന്റെ കവിത. (ഒബാമ വായിച്ചോ എന്തോ)

    ReplyDelete
  2. :) കവിത ഇഷ്ടമായി!
    മറ്റു അഭിപ്രായങ്ങള്‍ പറയുന്നില്ല, നമുക്ക് കവിതയാണല്ലോ പ്രധാനം..

    ReplyDelete
  3. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
    ശുഭദിനാശംസകള്‍!

    ReplyDelete
  4. നന്നായിരിക്കുന്നു കവിതയും,ആലാപനവും.
    ആശംസകള്‍

    ReplyDelete
  5. this kapitha doesnt deserve this good recital!


    cheers
    joe

    ReplyDelete