Monday 9 July 2012

മഴത്തുള്ളികള്‍


മഴയ്ക്കെന്തൊരു ഭംഗി പറഞ്ഞു പതുക്കെ നീ
മഴത്തുള്ളികള്‍ വേനല്‍ ചൂടാര്‍ന്ന മണ്ണില്‍ വീഴ്കെ
അതിന്റെ കുളിര്‍മ്മ ആ മണ്ണിലേക്കാളും
നിന്റെ മനസ്സില്‍ പടര്‍ന്നിട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോ കൌതുകം തുളുമ്പും പോല്‍
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി!

തുള്ളി തുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
ആ കമ്പികള്‍ മുറുക്കിയ ശത തന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങി വന്നു ഈ മഴ
ഒരു ജിപ്സി പെണ്‍കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്‍ മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്‍മ്മല്യം മൊഴിയില്‍
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!

തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്‍ നീ ഇരിയ്ക്കുന്നു
ഓര്‍മ്മയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്‍ കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്‍ വെള്ളിക്കൊലുസ്സിട്ടു തുള്ളുന്നു ചുറ്റും
കുളിര്‍ത്തു ചിരിച്ചാര്‍ത്ത് മഴയി-
ലടിമുടി കുതിര്‍ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്‍ നെല്ലിപൂക്കള്‍
കൊളിച്ചീറന്‍ ചുറ്റി വരവേല്‍ക്കുന്നു
നിന്റെ മുന്നിലാ മഴ മാത്രം
ആ നടവഴിമാത്രം
ആ വയല്‍ പൂക്കള്‍ മാത്രം
ഞാനടുത്തിരിപ്പതും മറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരു ഭംഗീ..!
മഴയ്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്‍
പതുക്കെ പറഞ്ഞു ഞാന്‍
നിനക്കെന്തൊരു ഭംഗീ!



കവിത: മഴത്തുള്ളികള്‍
രചന: ഒ.എന്‍.വി
ആലാപനം: ബാബു മണ്ടൂര്‍

9 comments:

  1. മഴയെ ഇഷ്ടപ്പെടുന്ന എല്ലാ മഴമക്കള്‍ക്കും വേണ്ടി ഒരു മഴക്കവിത കൂടി പുലര്‍ക്കാലമിതാ സമര്‍പ്പിയ്ക്കുന്നു..!
    ഏവര്‍ക്കും പുലരിമഴ ആശംസകള്‍!

    ReplyDelete
  2. "ഹായ് മഴയ്ക്കെന്തൊരു ഭംഗി..!"

    ReplyDelete
  3. പതുക്കെപ്പറഞ്ഞു ഞാന്‍
    നിനക്കെന്തൊരു ഭംഗി..


    മനോഹരം

    ReplyDelete
  4. മുബി, അജിത്തേട്ടന്‍...
    കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
    ശുഭദിനാശംസകള്‍!

    ReplyDelete
  5. പുഴയോളങ്ങള്‍ വെള്ളിക്കൊലുസ്സിട്ടു തുള്ളുന്നു ചുറ്റും
    കുളിര്‍ത്തു ചിരിച്ചാര്‍ത്ത് മഴയി-
    ലടിമുടി കുതിര്‍ന്ന് പുഴയോരത്തെത്തുന്നു
    നടവഴി വരമ്പില്‍ നെല്ലിപൂക്കള്‍

    ആഹാ

    ReplyDelete
  6. നന്നായിരിക്കുന്നു രചന.
    Computer problem(and fond)കാരണം കുറച്ചു
    നാളായി എന്‍റെ വരവറിയിക്കാന്‍ കഴിഞ്ഞില്ല.
    ഇപ്പോഴാണ്‌ ശരിയായത്.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  7. ചിത്രവും, വരികളും, ആലാപനവുമെല്ലാം ഒന്നിനൊന്നു മെച്ചം..!
    ആശംസകള്‍!

    ReplyDelete
  8. മഴയ്ക്കെന്തൊരു ഭംഗി!

    ReplyDelete
  9. ഞാനും വിചാരിച്ചു എന്തു പറ്റിയെന്ന്.. :)
    എന്തായാലും എല്ലാ പ്രശ്നങ്ങളും സോള്‍വായല്ലോ..!

    സുമേഷിനും,തങ്കപ്പന്‍ സാറിനും, സുനിലിനും, ധീരജിനും കവിത ഇഷ്ടമായതില്‍ സന്തോഷം.. !

    ശുഭദിനാശംസകള്‍!

    ReplyDelete