Thursday 12 July 2012

ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്


ഗിരിശൃംഗ ഹിമശയ്യയില്‍
മയങ്ങുന്നുവോ ഹേ ശരവണന്‍
വ്രണിതമാം മാതൃഹൃദയമോര്‍ത്തിന്നു
കരളുരുക്കുന്നുവോ ശരവണന്‍
നിന്‍ രുധിരചിത്രം പതിഞ്ഞ വസ്ത്രാഞ്ചലം
ഇറുകെ മാറില്‍ പുണര്‍ന്നു നിന്നിന്നവള്‍
ഇണശരം തീണ്ടി ധരണി പൂക്കവേ
കരളു കീറി കരയും ക്രൌഞ്ജമായ്
കനലുകക്കുന്ന കണ്ണുമായ് നില്‍ക്കവേ
കാറ്റ് ചൊല്ലി കരയാതിരിയ്ക്കുക

പുഞ്ചിരിച്ചവന്‍ ഭൂമിയെ പുല്‍കുന്നു
തന്‍ പിതാമഹന്‍ പൊന്‍ ശരശയ്യയില്‍
ഉത്തരായനം കാത്തുറങ്ങുന്നതും
തന്ത്രിപൊട്ടി വെടിയുതിര്‍ന്നീടവേ
തംബുരു ശ്രുതി റാം എന്നുരച്ചതും
മെല്ലെയോര്‍ത്തു കിടക്കയാണിന്നവന്‍
പട്ടുമെത്തപോല്‍ ആ മഞ്ഞു മെത്തയില്‍

പുഞ്ചിരിയ്ക്കയാണാമുഖം പിന്നെയും
പിന്നെയെന്തിനു നീ കരഞ്ഞീടണം
കാറ്റു ചൊല്ലി കരയാതിരിയ്ക്കുക
കരളിലൊരു കോണിലിപ്പോഴും നീയെന്ന
തരളമാം സത്യം അറിക നീയെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പിച്ചിയും
തളിരിളം പാല പൂക്കയാണെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പൂക്കളും
ചെറുവയല്‍ക്കിളി കുഞ്ഞുമാണെങ്കിലും
വിജന സന്ധ്യകളില്‍ വീണ്ടുമാ കുറുനരികള്‍
കുറുകുമൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പവന്‍
അടയിരിയ്ക്കുന്നൊരമ്മയ്ക്ക് കൂട്ടായ്
തളിരുലയ്ക്കുന്നരരുമയ്ക്ക് കാവലായ്
അവന്‍ അവിടെയുണ്ടു നീ കരയാതിരിയ്ക്കുക
അവനുറങ്ങാന്‍, തണുക്കാന്‍, വിശന്നിടാന്‍
സമയമല്‍പ്പവും ബാക്കിയില്ലോര്‍ക്കുക
അവനെയോര്‍ത്തു നീ കരയാതിരിയ്ക്കുക
അവനെയോര്‍ത്തു നീ പുളകം പുതയ്ക്കുക

താരകങ്ങളില്‍ തിരയാതിരിയ്ക്കുക
സാഗരത്തിന്റെ സിംഹനാദങ്ങളില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പുനീരില്‍
അവന്‍ അവിടെയുണ്ട്
നീ കരയാതിരിയ്ക്കുക..
കരയാതിരിയ്ക്കുക..!



കവിത: ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

9 comments:

  1. നക്ഷ്രങ്ങള്‍ക്കിടയില്‍
    നീ അവനെ തിരയാതിരിയ്ക്കുക!
    സമുദ്ര ഗര്‍ജ്ജനങ്ങളില്‍,
    ശൈല ഗഹന ഗംഭീരതകളില്‍,
    വശ്യകാനന ഹരിത ശോഭയില്‍,
    മണ്ണിന്റെ വറ്റാത്ത ഉപ്പു നീരില്‍
    നീ അവനെ തിരയുക!
    നീ അവനെ തിരയുക!!
    നീ അവനെ തിരയുക!!!

    ഏവര്‍ക്കും ശുഭദിനാശംസകള്‍..!

    ReplyDelete
  2. നന്ദി, മുരുകൻ കാട്ടാക്കട നമ്മുടെ ഇഷ്ടകവിയാണു

    ReplyDelete
  3. കൊള്ളാം മുതലാളീ...

    ReplyDelete
  4. നല്ല കവിത

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!
    ശുഭദിനാശംസകള്‍!

    ReplyDelete
  6. കവിത ഇഷ്ടപ്പെട്ടു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  7. പുലര്ക്കാളത്തിലെ ഒരു ദിവസം മിസ്സ്‌ ചെയ്താല്‍ മനോഹരമായ ഒരു കവിതയായിരിയ്ക്കും മിസ്സ്‌ ആവുക.. :)

    തിരക്കുകള്‍ക്കൊടുവില്‍ ഇവിടെ വന്നിരിയ്ക്കാന്‍ തന്നെ ഒരു സുഖമാണ്..!

    ReplyDelete