Saturday 14 July 2012

മകന്റെ അമ്മ


തിരിഞ്ഞു നടക്കുന്നു നീ
തുണയാരുമില്ലാത്തോരെന്‍
ഉതിര്‍ന്ന കണ്ണുനീര്‍
തുടയ്ക്കാനൊരുമ്പിടാതെ
അന്ധമാം മാതൃസ്നേഹം
നെറുകയില്‍ പുതഞ്ഞപ്പോള്‍
വിങ്ങിയ മാറില്‍ നീറും
നോവ് നീ മറന്നുവോ?
പുണ്യമാം ഗര്‍ഭഗേഹ-
സൌരഭ്യം ചുമന്നെത്തി
രാ‍മനെ പ്രസവിച്ച
കൌസല്ല്യയല്ലല്ലോ ഞാന്‍...
ഒരു ചൂണ്ടുവിരലില്‍
ഭാഗ്യരേണുവില്‍ ഭരതനെ
നൃപനായി വാഴിച്ചീടാന്‍
കൈകേയിയുമല്ല ഞാന്‍...
സുമിത്ര മാത്രം..
പാവം സുമിത്ര മാത്രം!
പതിത സിന്ദൂരത്തിന്‍
പാപത്തിന്‍ താലിക്കൂട്
കഴുത്തിലണിയുന്നോള്‍
വിട്ടു പോകുമ്പോള്‍
പുത്രാ,ഒട്ടിട പറയാമോ
ശിഷ്ട ജീവിതം പിന്നെ
ഊര്‍മ്മിള എന്തു ചെയ്യും?
കാലത്തിന്‍ നെരിപ്പോടില്‍
നഷ്ടത്തിന്‍ ചാരം പേറും
ദുരന്തം കാഞ്ഞിരിയ്ക്കുമ്പോള്‍ ഞാന്‍
നിന്നെ ശപിച്ചു പോകുമോ കുഞ്ഞേ..?

വീഡിയോ വേര്‍ഷന്‍:-




കവിത: മകന്റെ അമ്മ
രചന: അജിത ടി.ജി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

11 comments:

  1. ഈ പൊന്‍പുലരിയില്‍ എന്റെ പ്രിയക്കാര്‍ക്കായ് ഒരു പുതിയ കവിതയെയും, കവയത്രിയേയും പുലര്‍ക്കാലമിതാ “മകന്റെ അമ്മ”എന്ന കവിതയിലൂടെ പരിചയപ്പെടുത്തുന്നു!

    അജിത ടീച്ചര്‍, തൃശ്ശൂര്‍ ജില്ലയില്‍ ശക്തന്‍ തമ്പുരാന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്യുന്നു. തൃശ്ശൂരില്‍ തന്നെ ഭര്‍ത്താവിനോടും, രണ്ടു മക്കളോടും കൂടി താമസിയ്ക്കുന്നു.

    മകന്റെ അമ്മയിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ നമ്മള്‍ ഇതിഹാസത്തിലേയ്ക്ക് ഒന്നു കൂടി തിരിഞ്ഞു നോക്കുകയാണ്. വാല്‍മീകിയെഴുതാത്ത വരികള്‍ ഇവിടെ അജിത ടീച്ചറിലൂടെ പൂര്‍ണ്ണമാകുന്നു. ബാബുമാഷിന്റെ ആലാപന മാധുരിമയില്‍ മകന്റെ അമ്മ കൂടുതല്‍ മനോഹരിയായി, അങ്ങിനെ പുലര്‍ക്കാലമിതാ വീണ്ടും പുളകിതയാകുന്നു..!

    ഏവര്‍ക്കും ശുഭദിനാശംസകള്‍..!
    നന്ദി!

    ReplyDelete
  2. വിരഹത്തിന്‍റെ വേദന തുളുമ്പുന്ന
    ഹൃദയസ്പര്‍ശിയായ കവിത.
    ആലാപനത്തിലും വരികളിലെ ഭാവം
    പകരാന്‍ കഴിഞ്ഞു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  3. ഒരമ്മയുടെ ആത്മനൊമ്പരങ്ങള്‍, ഇതിഹാസത്തില്‍ കൂട്ടി ചേര്‍ക്കാന്‍ പോന്ന വരികള്‍... കവിത നന്നായി..!
    ആലാപനം അതിമനോഹരം!

    ReplyDelete
  4. ഹൃദയസ്പര്‍ശിയായ കവിത, ആലാപനവും.

    ReplyDelete
  5. ഇഷ്ടപ്പെട്ടു

    ReplyDelete
  6. നല്ല വരികള്‍.. നല്ല ആലാപനം..
    ആശംസകള്‍!

    ReplyDelete
  7. "കാലത്തിന്‍ നെരിപ്പോടില്‍
    നഷ്ടത്തിന്‍ ചാരം പേറും
    ദുരന്തം കാഞ്ഞിരിയ്ക്കുമ്പോള്‍ ഞാന്‍
    നിന്നെ ശപിച്ചു പോകുമോ കുഞ്ഞേ..?"

    ഹൃദയസ്പര്‍ശിയായ വരികള്‍..

    ReplyDelete
  8. ഏവര്‍ക്കും കവിത വളരെയധികം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. അജിത ടീച്ചര്‍ടെ കവിതകള്‍ ഇനിയും പുലര്‍ക്കാലത്തില്‍ ചേര്‍ക്കാന്‍ അവസരം ലഭിയ്ക്കുമാറാകട്ടെ..!

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  9. This comment has been removed by the author.

    ReplyDelete