Thursday 19 July 2012

എന്റെ ഗ്രാമത്തിലേയ്ക്ക്


ഇനിയുമെന്‍ പ്രിയമുള്ള ഗ്രാമത്തിലേയ്ക്കെന്റെ
വിറയാര്‍ന്ന ചുവടുകള്‍ ഞാന്‍ ചവിട്ടാം
ഇനിയുമെന്‍ ഓര്‍മ്മകളില്‍ അരുതാത്ത ചിന്തകള്‍
അണപൊട്ടി അണയാതിരിയ്ക്കുമെങ്കില്‍
ക്രൌജ്ജമിഥുനങ്ങള്‍തന്‍ വ്യഥകണ്ട് വ്യസനിച്ച
ആദിമ കവിയ്ക്കുമില്ലിത്ര ദുഃഖം
ജടതീര്‍ത്ത നൊമ്പര ചിതകെട്ടടങ്ങിയോ-
രാമ രാമേതി ജപിച്ചു നീങ്ങാം
ചടുല സ്നേഹത്തിന്റെ ഉറവയൂറ്റുന്നൊരാ
രാവിന്റെ സ്വന്തം നിലാതുമ്പിനെ
അറിയാതെ ഒരുവേള സ്നേഹിച്ച രാത്രിയില്‍
നടകൊണ്ട ഞാനെത്ര കാഴ്ച കണ്ടു
ഒരുമതന്‍ നിലവിളക്കെരിയുന്ന നെഞ്ചിലെ
ഭയമെന്ന കൂരിരുള്‍ മാഞ്ഞതാവാം
നെടുവീര്‍പ്പൊരീണമായ് കേള്‍ക്കാം വിതന്ത്രിയാം
മനമൌന വീണയില്‍ നേര്‍ത്തപോലെ
പ്രകൃതിയുടെ ഊര്‍ജ്ജപ്രകാശം ഭയക്കുന്ന
പ്രാകൃതമനുഷ്യരാണെന്നുമെന്നും
പാടും പുലഭ്യവര്‍ഷത്തിലെന്നുള്ളിലെ
സഭ്യമാം വാക്കിന്‍ പ്രസക്തിയറ്റു
സാക്ഷരത പാടി പുകഴ്ത്തുമെന്‍ നാട്ടിലെ
സംസ്കാര ശൂന്യത ജ്വലിച്ചുയര്‍ന്നു
ആബാലജനങ്ങളില്‍ അലയടിച്ചുയരരുന്നു
കാട്ടാള നൃത്തക്കരാള ശബ്ദം
ഇരുളിന്റെ മറപറ്റി അന്യന്റെ ശയ്യയില്‍
അമൃതം നുണഞ്ഞിടും മാന്യവര്‍ഗ്ഗം
നെറിപൂണ്ട കാമപിശാചാം പിതാവിന്റെ
നെഞ്ചില്‍ പിടഞ്ഞതോ രക്തബന്ധം
ക്രൌജ്ജമിഥുനങ്ങള്‍തന്‍ വ്യഥകണ്ട് വ്യസനിച്ച
ആദിമ കവിയ്ക്കുമില്ലിത്ര ദുഃഖം
ജടതീര്‍ത്ത നൊമ്പര ചിതകെട്ടടങ്ങിയോ-
രാമ രാമേതി ജപിച്ചു നീങ്ങാം
ഇരുകരം കോര്‍ത്തുനിന്നടരാടി ജീവിത
ത്രാണനം ചെയ്തവര്‍ ശാന്തശീലര്‍
ഒരുമനസ്സും ഒരുമാറുമായി പുലര്‍ന്നവര്‍
മാറാടിന്‍ മണ്ണില്‍ പിടഞ്ഞു വീണു
അവതാര ലീലയുടെ അന്ത്യത്തിലെത്തുമൊരു
അവ്യക്ത ശക്തി ഉറഞ്ഞതാവാം
വാള്‍ത്തലകള്‍ വായ്ത്താരി മേളം മുഴക്കിയീ
ധാത്രിയ്ക്ക് നീരാട്ടു രക്തമേകാന്‍
തുടതുള്ളി നില്‍ക്കുന്ന വ്രണിത്രമാം രാഷ്ടീയ
കളിയരങ്ങില്‍ നിണം വീണതാവാം
നനവുള്ള മണ്ണിലെ ചുടു ചോരതന്‍ മണം
അറിയാതകന്നുപോയ് ചന്ദ്രബിംബം
ഒരുമതന്‍ ശാന്തിമന്ത്രാക്ഷരത്താളിലൊരു
വേദമന്ത്രം പോല്‍ സമന്ത ഭദ്രന്‍
ഗച്ഛാമി ശരണമെന്നോതിയൊരു മാനവന്‍
ഗുരുദേവ വചനവും വിസ്മരിച്ചോ
പഞ്ചേന്ദ്രിയങ്ങള്‍ക്കു പാമരം കെട്ടിയൊരു
നൊമ്പരക്കൂടാം മനസ്സകന്നു
ഗതിതേടി അലയുന്നൊരാത്മദുഃഖങ്ങളെ
തിരയുന്നു മൂകം മണല്‍പ്പരപ്പില്‍
ഉടുതുണിയ്ക്കൊരുഗതിയുമില്ലാത്തൊരമ്മതന്‍
ചുറ്റിലും തുള്ളും വിഷപ്പാമ്പുകള്‍
തുണയിറ്റ അഗതിയാം വിധവയുടെ കണ്ണുനീര്‍
തടവുന്ന ബാലനുണ്ടാത്മദുഃഖം
വായ്നീരുവറ്റി വരണ്ടു മരിയ്ക്കിലും
വാതില്‍ തുറക്കാത്ത നീതിപീഠങ്ങളേ
തൂങ്ങു തുലാസ്സതില്‍ തുല്ല്യമാക്കീടുമോ
പാവം മനുഷ്യന്റെ പ്രാണന്റെ വേദനം
ഇനിയുമെന്‍ പ്രിയമുള്ള ഗ്രാമത്തില്‍ നിന്നുമെന്‍
വിറയാര്‍ന്ന ചുവടുകള്‍ പിന്‍വലിയ്ക്കാം
ഇനിയുമെന്‍ ഓര്‍മ്മകളില്‍ അരുതാത്ത ചിന്തകള്‍
അണപൊട്ടി അണയാതിരിയ്ക്കുമെങ്കില്‍
അണപൊട്ടി അണയാതിരിയ്ക്കുമെങ്കില്‍


കവിത: എന്റെ ഗ്രാമത്തിലേയ്ക്ക്
രചന: ഗിരീഷ് പുലിയൂര്‍
ആലാപനം: ഗിരീഷ് പുലിയൂര്‍

6 comments:

  1. നല്ല കവിത. വായിച്ചതേയുള്ളു. കേട്ടില്ല

    ReplyDelete
    Replies
    1. തീര്‍ച്ചയായും കേള്‍ക്കണം..!
      ശുഭദിനാശംസകള്‍!

      Delete
  2. ഇഷ്ടമായി കവിത
    ആശംസകള്‍

    ReplyDelete
  3. തൂങ്ങു തുലാസ്സതില്‍ തുല്ല്യമാക്കീടുമോ
    പാവം മനുഷ്യന്റെ പ്രാണന്റെ വേദനം!

    ReplyDelete
  4. വൈകിയെത്തിയതില്‍ ക്ഷമിയ്ക്കണം.. മനോഹരമായ കവിത!
    ഇഷ്ടമായി!

    ReplyDelete
  5. മനോഹരം ..ഒരുപാടിഷ്ടമായി !!

    ReplyDelete