Wednesday 1 August 2012

നിനക്കു മരണമില്ല


1
നീലസാഗരത്തിന്റെ കരയിൽ തരിമണൽ
തീരത്തുമാനം നോക്കിക്കിടക്കും നേരം, ദൂരെ-
നിന്നൊരാളരികിൽ വന്നൊന്നുസൂക്ഷിച്ചുനോക്കി-
പ്പുഞ്ചിരിച്ചാരാ,“ഞ്ഞെന്നെക്കണ്ടതായോർക്കുന്നുവോ?”
സങ്കല്പ്പശൂന്യാകാശയാനവും മുറി, ഞ്ഞാത്മ-
രോഷത്തൊടുള്ളിൽ കേട്ടവാക്കുകൾ തിരയവേ
വിസ്മയിച്ചതേ ശബ്ദം!, ഗാംഭീര്യ!, മതേഭാവം!
വിസ്മൃതിച്ചെളിക്കുണ്ടിലമ്മുത്തു തിരഞ്ഞു ഞാൻ
കാലങ്ങൾ പിന്നോട്ടോടിച്ചെന്നു ഞാൻ വയലാറിൻ
കല്ലുമാടത്തിന്മുൻപിൽ വന്നെത്തിക്കിതയ്ക്കവേ
സ്തബ്ദ്ധിച്ചുപോയി!!, വിശ്വസിക്കുവാനാകാതാത്മ
ഹർഷത്താൽ പുണ്യം ചെയ്ത കണ്ണുകൾ തുളുമ്പിപ്പോയ്!!

2
മാറ്റൊലിക്കൊള്ളുകയാണിന്നു മാനസം
മാറോടു പുല്കിയോരാഗാനവീചികൾ
നാവേറ്റുപാടുകയാണിന്ദ്രിയങ്ങളിൽ
നിസ്തുല രോമാഞ്ച ഹർഷാർദ്ര ശീലുകൾ
മായാതെ, മായ്ക്കുവാനാകാതെയിന്നുമീ
മണ്ണിൽ തെളിഞ്ഞീടുമപ്പാദമുദ്രകൾ
നീണ്ടുപോകുന്നൂ ഹിമാദ്രിക്കുമപ്പുറം
വിന്ധ്യശൈലത്തിന്റെ താഴ്വരയ്ക്കപ്പുറം
സാമ്യമകന്നൊരുദ്യാനത്തിനപ്പുറം
ദ്രാവിഡ സംസ്കാര സീമയ്ക്കുമപ്പുറം
നഗ്നയാം ഭൂമിക്കുമപ്പുറം, ഈശ്വരൻ
നിദ്രകൊള്ളും പാല്ക്കടലിന്നുമപ്പുറം
തീരാത്ത ദുഃഖത്തിൻ തീരത്തിനപ്പുറം
ചന്ദ്രനുദിക്കുന്ന ദിക്കിന്നുമപ്പുറം
ആകാശഗംഗയ്ക്കുമപ്പുറം, കണ്ണുതു-
റക്കാത്ത ദൈവരാജ്യങ്ങൾക്കുമപ്പുറം...

3
ഗാനഗന്ധർവ്വ സ്വരധാരയിൽ മുങ്ങി
നിൻ കാവ്യകന്യകൾ നീരാടി നില്ക്കവേ
ദേവസ്സഭാതല ഗായികമാരാത്മ
വേദനയ്ക്കൗഷധമായേറ്റു പാടവേ
ദേവനൊരാളീണമിട്ട ഗാനങ്ങൾകേ-
ട്ടപ്സരസുന്ദരിമാർ ചോടുവയ്ക്കവേ
മൂഢരാകുന്നു നിൻ വീണതൻ കമ്പി-
വിലയ്ക്കെടുക്കാൻ വന്ന വിശ്വാസവഞ്ചകർ!!
തപ്താന്തരങ്ങളെ ശാന്തമാക്കീടുവാൻ,
താപസികൾക്കു പൂത്താലി തീർത്തീടുവാൻ,
രാത്രിയാം രംഭയ്ക്കു പാവാട ചാർത്തുവാൻ,
രുദ്ധകവാടങ്ങൾ താനേ തുറക്കുവാൻ,
മാംസപുഷ്പങ്ങൾക്കു സൗരഭ്യമേറുവാൻ,
നക്ഷത്രചൂഡാമണിമാലകോർക്കുവാൻ,
അഞ്ജനക്കുന്നിൽ തിരിപെറുക്കാൻ, കയ്യിൽ-
മുന്തിരിക്കിണ്ണവുമായ് കാലമെത്തുമ്പോൾ
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അഷ്ടമംഗല്യത്തളികയുമായ് വരാൻ,
പാരിജാതങ്ങൾ മിഴിതുറക്കാൻ, കോടി
മാനസപദ്മതീർഥങ്ങളുണരുവാൻ,
ആദ്യത്തെ രാത്രികൾക്കാവേശമേറുമ്പോൾ
ആയിരം പാദസരങ്ങൾ കിലുങ്ങുവാൻ,
ഇന്നും മുഴങ്ങുന്നു ഗാനപ്രപഞ്ചത്തി-
ലങ്ങോളമിങ്ങോളമാസാമഗീതികൾ

4
കാലങ്ങൾ കടന്നു പോയ് ഗാനനന്ദിനിമാർക്കു
കാതിലോലയും കാപ്പും ചാർത്തുവാനെത്തീ പലർ
ആ നവസൗന്ദര്യത്തിനർദ്ധനഗ്നാംഗാവേശ
മായയിലാഴ്ന്നൂ ജനരാശിതൻ മനസ്സുകൾ
പക്ഷേ, നിൻ വികാരാർദ്ര സ്പർശനം കാണില്ലതിൽ
ആഴവും സംഗീതവും ഭാവനാ ഭാവങ്ങളും
നിൻ പ്രേമ വിഷാദങ്ങളാരിലുമുണ്ടാകില്ല
നീ കണ്ടകിനാവുകളൊട്ടു കാണുകയില്ല
ഭക്തിതന്നുത്തുംഗ സോപാനമേറുകയില്ല
ദ്രാവിഡകുമാരിമാർ ഇനിയും ജനിക്കില്ല
കാഞ്ഞിരക്കൊമ്പിൽ കിളി കുശലം ചോദിക്കില്ല
വയലാറിലെ വാരിക്കുന്തങ്ങൾ തുടിയ്ക്കില്ല
നീതെളിച്ചീടും സ്വപ്ന രാജവീഥിയിലൂടെ
കാവ്യകന്യക പുഷ്പ കമ്പളം വിരിയ്ക്കുമ്പോൾ
വല്ക്കലം മാറ്റിത്തപസ്വിനികൾ ചിലങ്കകൾ
ചാർത്തിനിൻ പദങ്ങൾക്കു ലാസ്യമാടുവാൻ വരും
സർഗ്ഗ വല്മീകം തകർത്തീയലായ് ചിറകാർന്നു
ചിന്തയാം ചിതലുകളാകാശമതിരാക്കും
ഋതുകന്യകൾ തങ്കത്താലമേന്തീടും, ഓരോ
മലരും നിൻ ഗാനംകേട്ടുണരും, ഉറങ്ങീടും
സൗരയൂഥത്തിൽ മഴവിൽച്ചാലുതീർത്താസ്വനം
കാലത്തിൽ നിന്നും കാലാതീതമായ് മുഴങ്ങീടും
അസ്ഥികൾ പൂക്കും വയലാറിന്റെയാകാശത്തിൽ
മറ്റൊരു ധ്രുവതാരരശ്മി നീ തെളിഞ്ഞീടും
ഏകാന്തസഞ്ചാരികളാവഴി ലക്ഷ്യം വച്ചു
നേരായദിശകണ്ടു ദേശാന്തരങ്ങൾ താണ്ടും
കൈരളിമകനെയോർത്തഭിമനാവേശത്താൽ
അറിയാതഭംഗുരമമ്മാറു ചുരന്നീടും
കൺകളിൽ നീലശ്ശംഖുപുഷ്പങ്ങൾ വിരിയിച്ചു
കണ്വനന്ദിനി മലർമാലയിട്ടെതിരേല്ക്കും
ഈ വിശ്വമാകെ, സ്വർണ്ണപ്പേനയാൽ കുറിച്ചിട്ടോ-
രീരടിയെന്നും മുഗ്ദ്ധമന്ദാരമലർ നീർത്തും………

5
രാത്രിപകലിനോടെന്നപോൽ നീ തുലാ
വർഷകാലം യാത്രചോദിച്ചകന്നനാൾ
ഞെട്ടിത്തരിച്ചുപോയ് ലോകം, അകാലവി-
യോഗത്തിൽ സ്തബ്ധിച്ചുപോയ് മലയാചലം
ഇന്ദ്രധനുസ്സിന്റെ തൂവൽ കൊഴിയുമീ
തീരത്തിനിയൊരു ജന്മമെന്തേ
നീ കടം ചോദിച്ചു? ഗായകാ..., ഞങ്ങൾതൻ
നെഞ്ചിൽ “നിനക്കു മരണമില്ല…!”


കവിത: നിനക്കു മരണമില്ല
രചന: നിശീകാന്ത്
ആലാപനം: നിശീകാന്ത്

12 comments:

  1. മികച്ച വരികള്‍, തെളിമയാര്‍ന്ന ആലാപനം.. നിശിയേട്ടന് അഭിനന്ദങ്ങള്‍ & ആശംസകള്‍..!

    വയലാറിനെ കുറിച്ചുള്ള നിശിയേട്ടന്റെ ഒരു കവിത പുലര്‍ക്കാലത്തില്‍ ചേര്‍ക്കാന്‍ അവസരം ലഭിച്ചതിന് നന്ദി!

    ശുഭദിനാശംസകള്‍!

    ReplyDelete
  2. ഭാവ തീവ്രമായ വരികള്‍.. മനോഹരം!

    ReplyDelete
  3. ഇത് നന്നായി

    വയലാറിന്റെ “എനിക്ക് മരണമില്ല” എന്നൊരു കവിതയില്ലേ? അതിലാണോ “കുതിരപ്പുറത്തു ഞാന്‍ പാഞ്ഞുപോകുമ്പോള്‍ കയ്യില്‍ കുതറിത്തുള്ളിത്തുള്ളി ചാട്ടവാറിളകുമ്പോള്‍” എന്ന വരികള്‍. എവിടെയെങ്കിലും കിട്ടുകയാണെങ്കില്‍ പോസ്റ്റ് ചെയ്യണേ.

    ReplyDelete
    Replies
    1. തീര്‍ച്ചയായും..!
      ഇന്നത്തെ കവിത എനിയ്ക്ക് മരണമില്ല എന്ന കവിതയാകട്ടെ..! കുതിരപ്പുറത്ത് ഞാന്‍ പാഞ്ഞുപോകുമ്പോള്‍ എന്ന് തുടങ്ങുന്ന വരികള്‍ കവിത രൂപത്തില്‍ തന്നെ നമുക്ക് കേള്‍ക്കാം! നാടകഗാനം പാടിയിരിയ്ക്കുന്നത് യേശുദാസാണ്..!

      Delete
  4. ഇഷ്ട്ടായി..

    ReplyDelete
  5. സുപ്രഭാതം..
    നിശികാന്ത പുലര്‍ക്കാലം മനോഹരമാക്കി...ആശംസകള്‍...!

    ReplyDelete
  6. അനിൽ... കവിത മുഴുവനായി ഇടൂ.. ഞാൻ പാടിയത് കാലങ്ങൾ തൊട്ടാണെങ്കിലും തുടക്കം മുതൽ ഇട്ടില്ലെങ്കിൽ അതിനൊരു പൂർണ്ണതയുണ്ടാകില്ലാ....

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഞാന്‍ അപ്ഡേറ്റ് ചെയ്യാം..!

      Delete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം!
    ശുഭദിനാശംസകള്‍!

    ReplyDelete
  8. Replies
    1. 4ഷെയേഡില്‍ ഇമെയില്‍ ഐഡി വെച്ച് ലോഗിന്‍ ചെയ്താല്‍ കേള്‍ക്കാം. ലോഗിന്‍ ചെയ്തിട്ടും കേള്‍ക്കുനില്ലെങ്കില്‍ പ്ലേ ബട്ടനടുത്തുള്ള മ്യൂസിക്ക് ഫ്ലോ ലൈന്‍ ഒന്ന് നീക്കിയാല്‍ മതി. എന്നിട്ടും ശരിയാകുന്നില്ല എങ്കില്‍ ക്ലിക്ക് ഹിയര്‍ ടു വില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യൂ.. അപ്പോള്‍ കേള്‍ക്കാം. നന്ദി!

      Delete