Tuesday 14 August 2012

മഴയുടെ ഗീതം


മഴയുടെ ഗീതം കേള്‍ക്കാന്‍
മണ്ണിന്റെ രാഗം രുചിയ്ക്കാന്‍
നിന്റെ മടിയില്‍ തന്നെ കിടക്കണം
മഴത്തുള്ളികള്‍ വീണ്ടും വീണ്ടും
എന്റെ മനസ്സില്‍ താളം തുള്ളുമ്പോള്‍
ചിരിതുള്ളികള്‍ മേഘത്തില്‍
മഴവില്ലാകുമ്പോള്‍
ലയമെന്തെന്നറിയാന്‍ നിന്റെ
മിഴിയില്‍ തന്നെ നോക്കണം
മാറ്റത്തിന്റെ കഥ പറയാന്‍
നിന്റെ കരള്‍ തുടിപ്പുകള്‍
ഇളം നാമ്പുകളുടെ സുഖം പകരാന്‍
നിന്റെ തലോടലുകള്‍
പുതുമണ്‍ വാസന നുകരാന്‍
നിന്റെ കണ്ണീരുമ്മകള്‍
മഴയുടെ ഗീതം കേള്‍ക്കാന്‍
നിന്റെ മടിയില്‍ തന്നെ കിടക്കണം
അകത്തളത്തില്‍ രവം കോര്‍ത്തു കോര്‍ത്തുയരുന്നു
അകത്തളത്തില്‍ നേര്‍ത്തു നേര്‍ത്തു വരുന്നു
മിന്നല്‍ മുകിലിന്റെ ഭാരമളക്കുന്നു
നിന്നില്‍ ഞാനെന്റെ ദാഹമളക്കുന്നു
നിറഞ്ഞിട്ടും ഒഴുകാത്ത കുളങ്ങളുടെ ദുഃഖം
അറിഞ്ഞിട്ടും പഠിയ്ക്കാത്ത തെറ്റുകളുടെ ദുഃഖം
ജലത്തില്‍ ജലമെഴുതുന്ന വേദം
നഭസ്സില്‍ മുകിലെഴുതുന്ന മോഹം
കണ്ണടയ്ക്കാന്‍ മടിയ്ക്കുന്ന വാര്‍ദ്ധക്യം
നിന്നില്‍ പിന്നെയും ഓര്‍മ്മകളായ്
വിടര്‍ന്നുലയുന്നയെന്റെ യൌവ്വനം
സംവത്സരങ്ങളുടെ യവനികകള്‍
മായയായ് മറയുന്നു
ഇടവഴികള്‍ സുഖം തുളുമ്പുന്ന
അരുവികളാകുന്നു
മഴയുടെ ഗീതം കേള്‍ക്കാന്‍
പുതുവാസന നുകരുവാന്‍
നിന്റെ മടിയില്‍ തന്നെ കിടക്കണം
നിന്റെ മടിയില്‍ തന്നെ കിടക്കണം



കവിത: മഴയുടെ ഗീതം
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: ശ്രീകുമാരന്‍ തമ്പി & സുജാത

9 comments:

  1. കവിത ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  2. കുറേ നല്ല വരികളും ...അതിനെക്കാള്‍ മധുരമായ ആലാപനവും ...നന്ദി അനില്‍ ...

    ReplyDelete
  3. ഒരു മഴ ഗീതം കൂടി..
    സുജാതയുടെ ഹമ്മിംഗ് മധുരതരം..!

    ReplyDelete
  4. വളരെയിഷ്ടം

    ReplyDelete
  5. ഇഷ്ടായിട്ടോ....

    ReplyDelete
  6. Wonderful site, the paradise of poem.
    Amazing work dude..!

    Alfred
    PA

    ReplyDelete
  7. മഴനൂലുകൾ പോൽ കോർത്തിണക്കിയിരിയ്ക്കുന്ന ഈ മഴഗീതം ആനന്ദം നൽകുന്നു...
    നന്ദി പുലർക്കാലമേ..

    സുപ്രഭാതം....!

    ReplyDelete
  8. മഴയുടെ ഗീതത്തെ മാറോടടക്കിയ ഏവര്‍ക്കും നന്ദി..
    ശുഭദിനാശംസകള്‍..!

    ReplyDelete
  9. വളരെയേറെ ഇഷ്ടമുള്ള വരികള്‍ മനസ്സില്‍ ഒരു മഴ പെയ്തുവോ ??? ആശംസകള്‍

    ReplyDelete