Tuesday 25 December 2012

ആലില

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...

സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു

ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..

എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ
മൃത്യു ഗന്ധം

ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ്

 

കവിത: ആലില
രചന: അയ്യപ്പൻ
ആലാപനം: എടപ്പാൾ വിശ്വം

8 comments:

  1. ശുഭരാത്രി!
    ഏവർക്കും കൃസ്തുമസ്സ് ആശംസകൾ!

    ReplyDelete
  2. ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
    ഒരേ വൃക്ഷത്തിൽ പിറക്കണം
    എനിയ്ക്കൊരു കാമിനിയല്ല
    ആനന്ദത്താലും, ദുഃഖത്താലും
    കണ്ണു നിറഞ്ഞൊരു
    പെങ്ങളില വേണം..


    ഈ ഒരു ആശയം പല കവിതകളിലായി കാണുന്നു. ആരാണാവൊ ആദ്യം എഴുതിയത്.

    മനസ്സില്‍തൊടുന്ന വരികളും ആലാപനവും. ശുഭരാത്രി അനിത്സേ..

    ReplyDelete
  3. അയ്യപ്പകവിത...!!
    ക്ഷീരം നിറച്ച കിണ്ണത്തില്‍ നഞ്ച് ചൊരിഞ്ഞതാരാണ്...??

    ഉത്തരമില്ലാച്ചോദ്യങ്ങള്‍

    ReplyDelete
  4. അര്‍ത്ഥം നിറഞ്ഞതും,ആശയഗാംഭീര്യവുമുള്ള
    കവിത!ആലാപനവും നന്നായി.ഇഷ്ടപ്പെട്ടു.
    കൊച്ചുമുതലാളിയ്ക്ക് സന്തോഷവും,ഐശ്വര്യവും നിറഞ്ഞ
    പുതുവത്സരാശംസകള്‍

    ReplyDelete
  5. നന്നായിരിക്കുന്നു...
    താങ്കളുടെ ഈ സംരഭം വളരെയധികം പ്രശംസ അര്‍ഹിക്കുന്നു.
    ആശംസകള്‍...

    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..!
    ശുഭദിനാശംസകൾ!

    ReplyDelete
  7. സത്ത മുഴുവന്‍ ചോര്‍ന്നു പോയ
    പച്ചിലയുടെ ഓര്‍മ്മയ്ക്ക്
    ഓരോ താളിലും ഓരോ ഇല
    സൂക്ഷിച്ച ഗ്രന്ഥം
    പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
    ഞാനിന്ന് ദാനം കൊടുത്തു

    ReplyDelete