Saturday 29 December 2012

ഓമനക്കുട്ടൻ

ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെ കൂടാതെ
കാമിനി മണിയമ്മതൻ അംഗസീമനി ചെന്നു കേറിനാൽ
അമ്മയുമ്മപ്പോൾ മാറടണച്ചിട്ടങ്ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞകുടിപ്പിച്ചാനന്ദിപ്പിച്ചു ചിന്മയൻ അപ്പോൾ ഓതിനാൻ
 ഒപ്പത്തിലുള്ള കുട്ടികളൊരു മുപ്പത്തിരണ്ട് പേരുണ്ട്
അപ്പിള്ളാരായ് വനത്തിൽ മേളിപ്പാൻ
ഇപ്പോൾ ഞാൻ അമ്മേ പോകട്ടേ?
അയ്യോന്നെന്നുണ്ണി പോകല്ലേ
ഇപ്പോൾ തീയു പോലുള്ള വെയിലല്ലേ!
വെറുതെയെന്നെന്നമ്മേ തടയല്ലേ
പോട്ടേ പരിശോടിനിന്നിടയ്ക്കുണ്ണുവാൻ
നറുനെയ്യ് കൂട്ടീട്ടുരുട്ടീട്ടും, നല്ലൊരുറതയിർ‌-
കൂട്ടീട്ടുരുട്ടീട്ടും, വറുത്തൊരുപ്പേരി പതിച്ചീട്ടും
ഈരൺറ്റുരുളയും എന്റെ മുരളിയും
തരിക എന്നൊന്നങ്ങലട്ടി ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു

അന്നേരമ്മമ്മയെടുത്തു കൊഞ്ചും
നന്ദനൻ തന്നെ മടിയിൽ വെച്ച്
ഭിന്നത ലാളിച്ച് വേർപ്പെടുത്ത്
മിന്നും തലമുടി വേർപ്പെടുത്തു
തൂത്തുനെറുകയിൽ നിർത്തി കെട്ടി
കോർത്തൊരു പൂമാല ചുറ്റിക്കെട്ടി
കണ്ണുമിന്നും ഒറ്റ പീലികുത്തി
കണ്ണന് ഗോപിയും പൊട്ടും കുത്തി
മുത്തണിമാലകളഴുത്തിലിട്ടു
പൊന്നിൻ പുലിനഖ മോതിരവും
പിന്നെ പതിവൊറ്റ മോതിരവും

മഞ്ജുവനമാലയോടണച്ച്
കുഞ്ഞിക്കഴുത്തിലലങ്കരിച്ചു
ഓമൽകുറിക്കൂട്ടണിഞ്ഞു മെയ്യിൽ
ഹേമം തരിവളയിട്ടു കയ്യിൽ
മഞ്ഞപട്ടാടയെടുത്തുമേലെ
മഞ്ജുവായ് കിങ്ങിണി കേർത്തു ചാലെ
ചെഞ്ചിലയെന്നുകിലുങ്ങുമട്ട്
പൊൺചിലമ്പും  കുഞ്ഞിക്കാലിലിട്ട്
അഞ്ചാതുരുട്ടിയ ചോറും നൽകി
പൊഞ്ചിപ്പൊന്നോടക്കുഴലും നൽകി
കോടക്കാർവർണ്ണനെ ചേർത്തണച്ച്
പാടിക്കൊണ്ടമ്മയും ചാഞ്ചാടിച്ചു
മോടികളേവമലങ്കരിച്ച്
ക്രീഡയ്ക്ക് കൃഷ്ണനെ അങ്ങയച്ചു

 

കവിത: ഓമനക്കുട്ടൻ
രചന: വെണ്മണി
ആലാപനം: മധുസൂദനൻ നായർ

14 comments:

  1. അച്ചുവിന് വേണ്ടി എന്നും പാടാറുള്ള പാട്ട്.
    കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.

    ReplyDelete
  2. ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
    നേരുന്നു

    ReplyDelete
  3. ഒത്തിരിയിഷ്ടം

    ReplyDelete
  4. ഹൃദ്യം.... നന്ദി... :)

    ReplyDelete
  5. വാത്സല്ല്യത്തിൽ ചാലിച്ചെഴുതിയ ഓരോ വരികളും തേനൂറും വാത്സല്ല്യത്തോടെ തന്നെ മധുസൂദനൻ നായർ ആലപിച്ചിരിയ്ക്കും. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  6. എന്റെ ശൈശവ കാലം മുതല്‍ക്കേ കേട്ട് ശീലിച്ച ഒരു അമ്മ ഗാനം ആണ് ഇത്...... ഇവിടെ വന്നു നോക്കിയപ്പോള്‍ ഞാന്‍ കേള്‍ക്കാത്ത വരികളും ഇതിന്ടെ ഭാഗമായി ഉണ്ടെന്നു ബോധ്യമായി. നന്ദി അനില്‍. എന്നിലെ എന്നോ മറന്ന ശൈശവത്തെ ഒരു വട്ടം ഓര്‍മ്മിപ്പിച്ചതിനു.....

    നറുനെയ്യ് കൂട്ടീട്ടുരുട്ടീട്ടും, നല്ലൊരുറതയിർ‌-
    കൂട്ടീട്ടുരുട്ടീട്ടും, വറുത്തൊരുപ്പേരി പതിച്ചീട്ടും
    ഈരൺറ്റുരുളയും എന്റെ മുരളിയും...ഈ വരികള്‍ ഞാന്‍ മരന്നിട്ടെയില്ല... ഞാനും പാടിയിട്ടുണ്ട് ഈ ഗാനം ഇവിടെ എഴുതിയ അത്രയും ഇല്ലെങ്കിലും....എന്റെ മകളെ ഉറക്കുവാന്‍. നന്ദി അനില്‍.

    ReplyDelete
    Replies
    1. ഈ കവിത കേൾക്കുന്നവരുടെയെല്ലാം മനസ്സിൽ അവരവരുടെ കുട്ടിക്കാലം ഓടിയെത്തിയിട്ടുണ്ടായിരിയ്ക്കണം. എന്റെ അച്ഛൻ ചേച്ചിയുടെ കുഞ്ഞിന് ഈ പാട്ട് പാടിക്കൊടുക്കുന്നത് അന്ന് തന്നെ മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ്.. നന്ദി അമ്പിളി.. പുതുവത്സരാശംസകൾ!

      Delete
  7. വളരെയധികം കടപ്പാടുണ്ടു താങ്കളൊട്..
    എങ്ങനെ കവിതകളെ പരിചയപ്പെടുത്തുന്നതിനു..

    ReplyDelete

  8. നല്ലൊരു ഓർമ്മപ്പെടുത്തൽ.
    വൈകിയെത്തിയെങ്കിലും പുതുവത്സര ആശംസകൾ നേരുന്നു.

    ReplyDelete
  9. എന്റെ അമ്മ, അമ്മുമ്മ തുടങ്ങി കേൾക്കുന്ന ഗാനമാണ്. ഞാൻ മക്കൾക്കും , പേരക്കിടാങ്ങൾക്കും വേണ്ടിയും . ഇപ്പോൾ പേരക്കിടാവിന് പ്രൊജക്ട് ചെയ്യാൻ വേറെയൊന്നും ആലോചിക്കാതെ ഈ വരികൾക്കു വേണ്ടി തിരക്കിയപ്പോൾ വളരെ സന്തോഷമായി പോയി

    ReplyDelete
  10. ഈ പാട്ട് എന്റെ അമ്മയാണ്,അമ്മയുടെ പാട്ടാണ്

    ReplyDelete