Sunday 9 December 2012

കൊഴിയുന്ന ഇലകൾ പറഞ്ഞത്

താഴേയ്ക്കു താഴേയ്ക്കു പോകുന്നിതാ
നമ്മൾ നിലമെത്തി നിശ്ചേഷ്ഠരായ് മയങ്ങാൻ
കറവറ്റി കർമ്മബന്ധം മുറിഞ്ഞൊടുവിലായ്
നിലമെത്തി നിശ്ചേഷ്ഠരായ് മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളി കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പി തുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടി പെരുമ്പറ കലഹങ്ങൾ

മുത്തച്ഛനന്തിസൂര്യൻ നൽകും ഉടയാടയെ-
ത്തിയുടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛന്ദമന്ദാകിലും  തഴുകുമിത്തിരി
ഇരവുകൾ ചന്ദ്രിക ചന്തങ്ങൾ
ഒക്കയുമന്യമായ് പോകുയാണിന്നു നാം
താഴേയ്ക്കു ചപ്പായ്  ചവറായ്
നിലമെത്തി നിശ്ചേഷ്ഠരായ് മയങ്ങാൻ
കറവറ്റി കർമ്മബന്ധം മുറിഞ്ഞൊടുവിലായ്
നിലമെത്തി നിശ്ചേഷ്ഠരായ് മയങ്ങാൻ

നാവു വരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായ മുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടുപ്പിൻ തണുപ്പുമില്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടുത്തെ
സന്ധ്യയും, ഉഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം, സരിത്തു സ്വന്തം
ശ്യാമ രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം
ഹിമകിങ്ങിണി പൊൻ തണുപ്പു സ്വന്തം
സപ്ത സ്വരസുന്ദരം കുയിൽ മൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയ്ക്കും പുതുനിരകൾ സ്വന്തം
ശ്യാമ രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഇത്തിരി പോന്ന ദിനങ്ങൾക്കു നടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കയും വ്യർത്ഥമാം
സ്വപ്നങ്ങൾ തന്നണ്ടമായിരുന്നു
ഇന്നേയ്ക്കും നാം വെറും കരിയിലകൾ
നമ്മിലെ ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ് നമ്മളിൽ

പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ
 നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടുപ്പിൻ തണുപ്പുമില്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
സ്വച്ഛന്ദശാന്ത സുഖനിദ്രയ്ക്കിടം തേടി
മുഗ്ദമാത്മ ബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന ചിദ്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിയ്ക്കാതെ, വിയർക്കാതെ
പൂക്കളെ തഴുകി കളിച്ചാർത്തതോ-
ർക്കാതെ പിന്നിലേയ്ക്കൊട്ടുവിളി
പാർക്കാതറയ്ക്കാതെ നീങ്ങിടാം
എന്ത് നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ
എന്ത് നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചിരാതിൽ തെളിഞ്ഞുവെന്നോ
സ്നിഗ്ദമാമാ സൗരകിരണം പതിഞ്ഞ്
എന്റെയും ഹൃത്തിലൊരു മഴവില്ല് പൂത്തുവെന്നോ..

 

കവിത: കൊഴിയുന്ന ഇലകൾ പറഞ്ഞത്
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: മുരുഗൻ കാട്ടാക്കട

14 comments:

  1. Replies
    1. 4ഷെയേഡ് പ്രോബ്ളം സോർട്ട് ഔട്ടായെന്ന് കരുതുന്നു..! ശുഭസായാഹ്നം!

      Delete
  2. നല്ലൊരു പരിചയപ്പെടുത്തൽ

    ReplyDelete
  3. ഓരോ വരികളും ചെവിയിൽ പറയുന്ന പോലെ...

    ശുഭരാത്രി..!

    ReplyDelete
  4. കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  5. ഫ്രെഷ്...!

    നന്ദി സ്വാമിന്‍..

    ReplyDelete
  6. ഇത്തിരി പോന്ന ദിനങ്ങൾക്കു നടുവിൽ നാം
    കൊത്തിവിരിയിച്ചവയൊക്കയും വ്യർത്ഥമാം
    സ്വപ്നങ്ങൾ തന്നണ്ടമായിരുന്നു :(

    ReplyDelete
  7. വളരെ ഇഷ്ടായി...

    ReplyDelete
  8. മത്സരിയ്ക്കാതെ, വിയർക്കാതറയ്ക്കാതെ നീങ്ങിടാം

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..!
    ശുഭരാത്രി!

    ReplyDelete
  10. നല്ല കവിത ...മനോഹരമായ ആലാപനം ...

    ReplyDelete
  11. മലയാളം മ്യൂസിക്ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വകുപ്പ് വല്ലോം ഉണ്ടോഷ്ടാ?

    ReplyDelete