Saturday 12 January 2013

കാവടിക്കാരൻ

തരുമോ നീ കാവടിക്കാരാ
നിന്റെ കാവടിയിൽ നിന്നൊരു ചില്ല
ഒരു മയിൽ പീലിക്കിടാവ്
കുഞ്ഞാശതൻ നേരിയ തുമ്പ്
ചോദിച്ച് നിന്നെന്റെ ബാല്ല്യം
അന്ന്  കിട്ടാതെ തേങ്ങിക്കരഞ്ഞു
കേണുമയങ്ങുമെൻ കൺപീലിയിൽ
എന്റെ നല്ലമ്മ മുത്തം ചുരന്നു
മുത്തും പവിഴവും കണ്ടു സ്വപ്ന-
ത്തിൻ അത്താഴ സൽക്കാരം കൊണ്ടു
മയിൽ നിന്നാടുന്നത് കണ്ടു
കുയിലിന്റെ പഞ്ചമം കേട്ടു

മാനത്തെ മഴവില്ലിൻ കാവടി കണ്ടപ്പോൾ
മഴമേഘമോടിയണഞ്ഞു
മാനത്തെ കാവടി മാഞ്ഞപ്പോൾ
എന്നെപ്പോലെ മേഘക്കിടാവും കരഞ്ഞു
മാരിപെയ്തെന്റെ മാനസം തോർന്നു
നിങ്ങളെപ്പോലെയെനിയ്ക്കും
ഉണ്ടായിരുന്നൊരു നല്ല കാലം
എന്റെ ബാല്യകാലം
അന്നെന്റെ കുഞ്ഞു മനസ്സിൽ കുരു-
ത്തോരാശയാണൊരുതുണ്ടുപീലി
കൂലിപ്പണിയ്ക്കുപോയച്ഛനെത്തും നേരം
കാലിക്കിടാവിനെ മേച്ചതിൻ കൂലിയായ്
നാലണ തുട്ടൊതന്നു
ആ തുട്ടുമായ് ഞാൻ കാത്തിരുന്നു
പീലിക്കാവടിക്കാരനെ കാണാൻ
ഒരു തുണ്ടു പീലി ചോദിയ്ക്കാൻ
ഒരുപാട് തേങ്ങിക്കരയാൻ

ഞാൻ നേർന്ന തുട്ടിന്  പകരമായ്
ഒരു നുള്ള് ഭസ്മവും തന്നയാൾ പോയ്
ആ പഴയ കാവടിക്കാരൻ
ചേക്കേറുവാൻ ഒരു ചില്ലയില്ലാതെന്റെ
മോഹക്കുരുവി കരഞ്ഞു
ഞാനേറെ കരഞ്ഞു വളർന്നു

ഇന്നു ഞാൻ പളനയിൽ പോയ് വരാൻ വ്രതമേറി
കാവടി  ചൂടി നടപ്പൂ
എത്രയോ പീലിക്കണ്ണുള്ളൊരിക്കാവടി
ഇന്നെന്റെ തോളിലിരിപ്പൂ
ഭിക്ഷാടനത്തിനായ് ചെന്നൊരു വീടിന്റെ
ഉമ്മറത്തെത്തി ഒരു കുഞ്ഞു ചോദിച്ചു
തരുമോ നീ കാവടിക്കാരാ
എന്റെ ബുക്കിൽ വെയ്ക്കാനൊരു പീലി
അന്നേരമെന്റെ മനസ്സു പറഞ്ഞു പോയ്
ഇല്ല തരില്ല ഞാൻ പീലി
ആ കുഞ്ഞു വിതമ്പാൻ തുടങ്ങി
കുറ്റബോധത്താൽ ശിരസ്സും കുനിച്ചു ഞാൻ
ഭിക്ഷവാങ്ങാതെ മടങ്ങി
അന്നേരമെന്റെ മനസ്സിന്റെ കോണിൽ
കണ്ടു ഞാൻ ഒരു തുണ്ടു പീലി
എന്റെ നഷ്ടബാല്യത്തിന്റെ പീലി
നഷ്ടബാല്യത്തിന്റെ പീലി

 

കവിത: കാവടിക്കാരൻ
രചന: അനിൽ പനച്ചൂരാൻ
ആലാപനം: അനിൽ പനച്ചൂരാൻ

6 comments:

  1. ഒരു തുണ്ടു മയിൽപ്പീലി ആശയായിരുന്ന ബാല്യകൗമാരകാലമാർക്കാണില്ലാത്തത്.. നമുക്കാ ബാല്യകൗമാരകാലത്തിലേയ്ക്ക് കാവടിക്കാരനിലൂടെ നടക്കാം.. ഏവർക്കും ശുഭദിനാശംസകൾ..

    ReplyDelete
  2. ബാല്യത്തിന്‍റെ ഓര്‍മ്മയായി മയില്‍പ്പീലി...

    ReplyDelete
  3. ഇഷ്ടപ്പെട്ടു
    മോഹങ്ങളും,മോഹഭംഗങ്ങളും ഏറ്റുവാങ്ങിയ
    ബാല്യകാലം.......!
    ആശംസകള്‍

    ReplyDelete
  4. സ്നേഹ പുലരി.,സുപ്രഭാതം.,!

    ReplyDelete
  5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

    ReplyDelete