Sunday 27 January 2013

താവോ ക്ഷേത്രത്തിൽ പോകേണ്ടതെങ്ങിനെ

വീടു പൂട്ടരുത്
പുലരിയുടെ ചെരിവിലൂടെ
ഇളങ്കാറ്റിലെ ഇലയെ പോലെ
കനമില്ലാതെ പോവുക
ഏറെ വെളുത്തിട്ടെങ്കിൽ
ചാരം പൂശി പോവുക
കൂടിയ ബുദ്ധിയെങ്കിൽ
പാതി മയക്കത്തിൽ പോവുക
വേഗം കൂടിയത് വേഗം തളരും
പതുക്കെ പോവുക
നിശ്ചലതയോളം പതുക്കെ
ജലം പോലെ അരൂപിയാവുക
താണയിടത്ത് തങ്ങുക
 മുകളിലേയ്ക്കുയരാൻ പരിശ്രമിയ്ക്കുകയേ വേണ്ട
വലതു വെയ്ക്കേണ്ട
ശൂന്യതയ്ക്ക് ഇടം വലമില്ല
മുന്നും പിന്നുമില്ല
പേർ വിളിയ്ക്കേണ്ട
ഇവന്റെ പേരിന് പേരില്ല
വഴിപാടുകൾ വേണ്ട
ഒഴിഞ്ഞ പാത്രം കൊണ്ടുപോവുക
നിറഞ്ഞ പാത്രത്തേക്കാൾ എളുപ്പം
പ്രാർത്ഥിയ്ക്കുകയും വേണ്ട
ആഗ്രഹങ്ങൾ ഉള്ളവർക്കുള്ള ഇടമല്ല ഇത്
സംസാരിയ്ക്കണമെങ്കിൽ നിശബ്ദം സംസാരിയ്ക്കുക
പാറ മരങ്ങളോടും, മരങ്ങൾ പൂക്കളോടും എന്നപോലെ
ഏറ്റവും മധുരമായ ശബ്ദം മൗനമാകുന്നു
ഏറ്റവും മനോഹരമായ വർണ്ണം ഇല്ലായ്മയുടേതും
വരുന്നത് ആരും കാണേണ്ട
പോകുന്നതും കാണേണ്ട
തണുപ്പിൽ പുഴകടക്കുന്നവനെപ്പോലെ
നാലിലൊന്നായി ചുരുങ്ങി വേണം ഗോപുരം കടക്കാൻ
അലിയുന്ന മഞ്ഞിൻ തുള്ളിയെപ്പോലെ
ഒരി ഞൊടിയേ നിനക്കുള്ളൂ
നാട്യമരുത് നീ ഇനിയും രൂപപ്പെട്ടിട്ടില്ല
ദേഷ്യമരുത് പൊടിപോലും നിന്റെ വരുതിയിലല്ല
ഖേദമരുത് അത് ഒന്നിനേയും ബാധിയ്ക്കുന്നില്ല
കീർത്തി വിളിച്ചാൽ വഴിമാറി നടക്കുക
ഒരു കാലടിപ്പാടുപോലും ബാക്കിയിടാതിരിയ്ക്കുക
കൈകളുപയോഗിയ്ക്കുകയേ വേണ്ട
അവയെപ്പോഴും ചിന്തിയ്ക്കുന്നത് ഹിംസയെ കുറിച്ചാണ്
മഹത്വത്തെ നിരാകരിയ്ക്കുക
മഹത്വത്തിലേയ്ക്ക് വേറെ വഴിയില്ല
പുഴയിലെ മീൻ പുഴയിൽ കിടക്കട്ടെ
മരത്തിലെ പഴം മരത്തിലും
കടുപ്പമേറിയത് ഒടിയും
മൃദുവായത് അതിജീവിയ്ക്കും
നാവ് പല്ലിനെയെന്ന പോലെ
ഒന്നും ചെയ്യാത്തവനേ എല്ലാം ചെയ്യാനാവൂ
പടികടന്നു ചെല്ലൂ
നിന്നെ കാത്തിരിയ്ക്കുന്നു നിർമ്മിയ്ക്കപ്പെടാത്ത വിഗൃഹം..

 

കവിത: താവോ ക്ഷേത്രത്തിൽ പോകേണ്ടതെങ്ങിനെ
രചന: സച്ചിദാനന്ദൻ
ആലാപനം: സച്ചിദാനന്ദൻ

6 comments:

  1. കടുപ്പമേറിയത് ഒടിയും
    മൃദുവായത് അതിജീവിയ്ക്കും

    സത്യമാണ്‌.

    ശുഭാശംസകൾ....

    ReplyDelete
  2. അര്‍ത്ഥവ്യാപ്തിയുള്ള കവിത
    ആശംസകള്‍

    ReplyDelete
  3. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  4. കവിതയുടെ അർഥതലങ്ങൾ ഒന്നു പറഞ്ഞു തരുമോ.

    ReplyDelete
    Replies
    1. താവോ ക്ഷേത്രം സമാധാനത്തിന്റെ പ്രതീകമാണ്.. കവി ഇവിടെ അർത്ഥമാക്കുന്നത്; ആഗ്രഹങ്ങളുപേക്ഷിച് നാം സ്വയം സമാധാനം കണ്ടെത്തുക, നമ്മിൽ തന്നെയാണ് ദൈവം കുടികൊള്ളുന്നത്!

      Delete