Sunday 17 March 2013

പുഴകടക്കുമ്പോൾ


പുഴകടക്കുമ്പോൾ കവിത മൂളണം
തുഴതൻ താളത്തിൽ വിരൽ ഞൊടിയ്ക്കണം
തരളവേഗങ്ങൾ ചലിയ്ക്കും ദൂരങ്ങൾ
ചിലുചിലെയെന്ന് ചിരിയ്ക്കുമോളങ്ങൾ
ജനനതീരവും പ്രളയതീരവും
അകന്നതായ് മെല്ലെയടുത്തുവന്നതായ്
വെറുതെ തോന്നണം
മരങ്ങൾ നീങ്ങുമ്പോൾ
ഇരുണ്ട പച്ചകളിൽ ഇല പൊഴിയ്ക്കുമ്പോൾ
പുഴകടക്കുമ്പോൾ കവിത മൂളണം
കവിഞ്ഞൊഴുകുന്ന കനിവായ് മാറണം

 ജലത്തിൻ കമ്പികൾ പകർന്നിടും ശ്രുതി
വയലിൻ നാദത്തിൻ മുഴക്കമാകുമ്പോൾ
സ്വരപ്രവാഹത്തിൽ മുഴുകിയങ്ങനെ
മറന്നു ഞാനെന്നിൽ മറവിയാകുമ്പോൾ
വിടർന്നു നിൽക്കുന്ന വിശുദ്ധിയിലെങ്ങും
വിചിത്ര സ്വർഗ്ഗങ്ങൾ തിരഞ്ഞു പോകണം
പുഴകടക്കുമ്പോൾ കവിത മൂളണം
തെളിഞ്ഞ നീരിന്റെ ഹൃദയമാകണം

ഉദയതാരക ദ്യുതിയിലുന്മതൻ
സ്ഫടികരശ്മികൾ തിളങ്ങി നിൽക്കുമ്പോൾ
പരക്കെ ചുറ്റിലും പ്രഭചൊരിയുന്ന
തിരിതൻ തുമ്പിലെ തെളിഞ്ഞ നാളങ്ങൾ
വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം
ഉഴിഞ്ഞെടുത്തെന്റെ ഉയിരിൽ ചേർക്കണം
പുഴകടക്കുമ്പോൾ കവിത മൂളണം
കവിതയിൽ ഒരു കടൽ നിറയണം..

വീഡിയോ വേർഷൻ:-
 

കവിത: പുഴകടക്കുമ്പോൾ
രചന: ആർ. ശ്രീലത വർമ്മ
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂർ

11 comments:

  1. നാടൻ ശീലിൽ ചാലിച്ചെഴുതിയ കവിത ബാബുമാഷിൻ തേനൂറും സ്വരമാധുര്യത്തിൽ അതിമനോഹരമായിരിയ്ക്കുന്നു.. ഏവർക്കും ശുഭദിനാശംസകൾ..!

    "പുഴകടക്കുമ്പോൾ കവിതമൂളണം
    കവിതയിൽ ഒരു കടൽ നിറയണം.."

    ReplyDelete
    Replies
    1. സ്നേഹം അറിയിക്കട്ടെ ബാബു മാഷിനും പുലർക്കാലത്തിനും..!

      Delete
  2. സ്നേഹം അറിയിക്കട്ടെ..പുലർക്കാലത്തിനും ബാബു മാഷിനും..!

    ReplyDelete
  3. ഉദയതാരക ദ്യുതിയിലുന്മതൻ
    സ്ഫടികരശ്മികൾ തിളങ്ങി നിൽക്കുമ്പോൾ
    പരക്കെ ചുറ്റിലും പ്രഭചൊരിയുന്ന
    തിരിതൻ തുമ്പിലെ തെളിഞ്ഞ നാളങ്ങൾ
    വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം
    ഉഴിഞ്ഞെടുത്തെന്റെ ഉയിരിൽ ചേർക്കണം

    മനോഹരമായ വരികൾ

    ശുഭാശംസകൾ.....

    ReplyDelete
  4. മനോഹരകവിത വായനയില്‍
    ഇനി കേള്‍ക്കട്ടെ

    ReplyDelete
  5. "പുഴകടക്കുമ്പോൾ കവിത മൂളണം
    കവിതയിൽ ഒരു കടൽ നിറയണം.."

    മനോഹരമായ വരികള്‍...

    ReplyDelete
  6. അതിമനോഹരമായിരിയ്ക്കുന്നു.
    ശുഭാശംസകൾ..
    pls come to nalinadhalangal

    ReplyDelete
  7. മനോഹരം..........നല്ല ഈണം

    ReplyDelete
  8. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..
    നന്ദി!

    ReplyDelete
  9. മനോഹരമായ വരികള്‍
    ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete