Sunday 12 May 2013

വേദനയ്ക്കൊരാമുഖം



സൂര്യതാപം വീഴുമീപകലിന്റെ
നെഞ്ചുപൊട്ടിതകരുന്ന വേദന
മേഘകോടികളിറ്റിറ്റ് വീഴ്ത്തുന്ന
നീരുതാങ്ങും കടലിന്റെ വേദന
സർവ്വഭാരവും പേറിതളർന്നങ്ങു
വിണ്ടു കീറിയ ഭൂമിതൻ വേദന
പേറ്റുനോവിന്റെ കാണാപിടച്ചിലിൽ
കത്തി നീറി പുകയുന്ന വേദന
അന്ത്യശ്വാസം വലിയ്ക്കുമ്പോഴുള്ളത്തിൽ
പ്രാണൻ നൊന്തു പിടയുന്ന വേദന
കണ്ടു തീരാത്ത കുഞ്ഞിൻ വിരഹത്തിൽ
നീറി നീറിയമരുന്ന വേദന
ദാഹനീരു കുടിയ്ക്കാൻ ലഭിയ്ക്കാതെ
തൊണ്ട വറ്റി വരളുന്ന വേദന
സ്നേഹ വായു ശ്വസിയ്ക്കാൻ കഴിയാത്ത
ഹൃത്തടത്തിന്റെ തീരാത്ത വേദന
സർവ്വകാലവും സർവ്വ ഭൂതങ്ങളും
സർവ്വരും നെഞ്ചിലേറ്റുന്ന വേദന
മണ്ണിലെ സർവ്വ ജീവജാലങ്ങളും
ജന്മനാൽ തൊട്ടറിയുന്ന വേദന
മോഹമാണ് ചരങ്ങൾക്ക് വേദന
വേണ്ടുവോളം ചുരത്തുന്ന ശ്രോതസ്സ്
സ്നേഹമില്ലാത്ത ജീവിതം ഭൂമിയിൽ
വായുവില്ലാത്ത ഭൂമണ്ഡലം പോലെ
ആത്മധ്യാനം പഠിയ്ക്കുകിൽ മർത്യന്
മോഹമുക്തിയും  വ്യർത്ഥമായ് തോന്നിടും
സ്നേഹിച്ചു നിങ്ങൾ തളർന്ന് വളരുക
സ്നേഹിച്ച് നിങ്ങൾ വളർന്ന് തളരുക..
സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമായ് തീരുക
സ്നേഹിച്ചു തീരാത്ത മാനവരാകുക..

 
സൂര്യതാപം (Click here to download)
കവിത: വേദനയ്ക്കരാമുഖം
രചന: കൊല്ലം തുളസി
ആലാപനം: ബിജു നാരായണൻ

8 comments:

  1. കുറച്ച് കാലം മുന്നെ പുലർക്കാലം കൊല്ലം തുളസിയുടെ ഒരു വികൃത ചിന്ത എന്ന കവിത ഇവിടെ ഉൾപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ അദ്ധേഹം ആലപിച്ചതായിരുന്നു അത്. "ഒരു പരാജിതന്റെ മോഹങ്ങൾ" എന്ന ടൈറ്റിലിൽ അദ്ധേഹത്തിന്റെ കുറച്ച് കവിതകൾ അടങ്ങുന്ന ഓഡിയോ സി.ഡി ഇറക്കിയിരിയ്ക്കുന്നു ഇപ്പോൾ. ഓരോ കവിതകളും മനോഹരമായിരിയ്ക്കുന്നു; മറ്റു കവിതകൾ വരും ദിവസങ്ങളിൽ പുലർക്കാലത്തിൽ ഉൾപ്പെടുത്താം.. ഏവർക്കും ശുഭസായാഹ്നം നേരുന്നു... നന്ദി!

    ReplyDelete
  2. സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമായ് തീരുക
    സ്നേഹിച്ചു തീരാത്ത മാനവരാകുക..
    കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. കൊല്ലം തുളസി കവിതയും എഴുതുന്നു എന്നത് പുതിയ അറിവാണ്.
    ഇഷ്ടപ്പെട്ടു

    ReplyDelete
  4. കൊല്ലം തുളസി ഇത്ര നല്ല കവിയായിരുന്നോ?!! നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. http://pularkkaalam-pularkkaalam.blogspot.in/2012/02/blog-post_28.html ഇത് കൂടി ഒന്ന് കേട്ടു നോക്കൂ..

    നന്ദി!

    ReplyDelete
  6. മണ്ണിലെ സർവ്വ ജീവജാലങ്ങളും
    ജന്മനാൽ തൊട്ടറിയുന്ന വേദന
    മോഹമാണ് ചരങ്ങൾക്ക് വേദന
    വേണ്ടുവോളം ചുരത്തുന്ന ശ്രോതസ്സ്
    സ്നേഹമില്ലാത്ത ജീവിതം ഭൂമിയിൽ
    വായുവില്ലാത്ത ഭൂമണ്ഡലം പോലെ..........

    നല്ല കവിത....ഇഷ്ടപ്പെട്ടു....

    ReplyDelete