Saturday 18 May 2013

അച്ഛൻ



അക്ഷരമാലകൾ ചൊല്ലിപഠിപ്പിച്ചോ-
രക്ഷയപാത്രമാണെന്റെച്ഛൻ
എല്ലാം ക്ഷമിയ്ക്കുന്ന എല്ലാം പൊറുക്കുന്ന
കാരുണ്യമൂർത്തിയാണെന്റെയച്ഛൻ

എന്തിലുമേതിലും നന്മയെ കാണുന്ന
കണ്ണിന്നുടമയാണെന്റെയച്ഛൻ
തെറ്റു ഞാൻ ചെയ്യുമ്പോൾ കുറ്റം പറയാതെ
തെറ്റുതിരുത്തീടുമെന്റെയച്ഛൻ

ദേഷ്യം വരാതുള്ള ഭാഷ്യം ചൊല്ലുന്ന
നാവിന്നുടമയാണെന്റെയച്ഛൻ
കള്ളത്തരങ്ങളാൽ കള്ളനായ് തീരുമ്പോൾ
കള്ളനാക്കീടുകയില്ലെന്റെയച്ഛൻ

പാഠം പഠിയ്ക്കാതെ നിദ്രയിൽ വീഴുമ്പോൾ
പാടിയുറക്കീടുമെന്റെയച്ഛൻ
കൂട്ടുകാരില്ലാത്തൊരെൻ ബാല്യജീവിത
കൂട്ടിനായെത്തീടുമെന്റെയച്ഛൻ

കൊച്ചു തമാശകൾ ചൊല്ലുമ്പോൾ ഉൾക്കൊണ്ട്
കൂടെ ചിരിച്ചീടുമെന്റെയച്ഛൻ
എന്തു കുടിച്ചാലും എപ്പോൾ ഭുജിച്ചാലും
പങ്കൊന്ന് വെച്ചീടുമെന്റെയച്ഛൻ

മാനസം നൊന്തുഞാൻ വിങ്ങി വിതുമ്പോൾ
സ്വാന്തനിപ്പിച്ചീടുമെന്റെയച്ഛൻ
അപരാധബോധത്താൽ ഞാൻ നിന്നു ചൂളുമ്പോൾ
പുഞ്ചിരിതൂകിടുമെന്റെയച്ഛൻ

ഒരുനാളിലൊത്തിരി കാര്യങ്ങൾ ചൊല്ലിയിട്ട്
വെറുതെയുറങ്ങുവാൻ പോയിയച്ഛൻ
എന്തോ പറയുവാൻ വെമ്പുന്ന ചുണ്ടുകൾ
ഒരു നേരമൊന്നു വിതുമ്പി നിന്നു..

അകലത്തിലാരെയോ തിരയുന്ന മാതിരി
കണ്ണുകൾ ചുറ്റും കറങ്ങി നിന്നു
ഒടുവിലാ നേത്രങ്ങൾ എന്നെ നോക്കിക്കൊണ്ട്
ഒരു കൊച്ചു സൂര്യനായ് അസ്തമിച്ചു..
അതുകണ്ട് ഞാനൊന്ന് പൊട്ടിക്കരയവേ
എല്ലാം കഴിഞ്ഞച്ഛൻ യാത്രയായി..

ഇന്നെനിയ്ക്കെന്റെ അച്ഛന്റെ ഓർമ്മയാണെപ്പോഴും
എന്നെനയിപ്പതു എൻ ശക്തിയും
അച്ഛനില്ലെങ്കിലും അച്ഛനുണ്ടെന്നുള്ള
തോന്നൽ തോന്നിച്ചിടും എന്റെയച്ഛൻ

 
അക്ഷരമാലകൾ (Click here to download)
കവിത: അച്ഛൻ
രചന: കൊല്ലം തുളസി
ആലാപനം: ബിജു നാരായണൻ

13 comments:

  1. കൊല്ലം തുളസിയുടെ മറ്റൊരു കവിത കേൾക്കാം..
    ഏവർക്കും ശുഭസായാഹ്നം..!

    ReplyDelete
  2. കേള്‍ക്കുന്നു


    ശുഭസായാഹ്നം

    ReplyDelete
  3. അമ്മപാട്ടുകൾക്കിടയിൽ അച്ഛനെ കേൾക്കാനായതിൽ നന്ദി..
    ശുഭരാത്രി..!

    ReplyDelete
  4. എന്തിലുമേതിലും നന്മയെ കാണുന്ന
    കണ്ണിന്നുടമയാണെന്റെയച്ഛൻ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അച്ഛനും മകളും
    ------------------
    അമ്മതൻ താരാട്ടി,നൊപ്പമെന്നച്ഛന-
    ന്നുമ്മ വെച്ചെന്നെ,യുറക്കിടുമ്പോൾ
    അമ്മിഞ്ഞപ്പാലുപോൽ തന്നെയാ ചുംബന-
    ച്ചൂടു,മെനിക്കിഷ്ടമായിരുന്നു...

    അറിവിന്റെ ദീപം തെളിച്ചുകൊണ്ടെപ്പൊഴും
    അലിവോടെ മുന്നിൽ നടന്നിതച്ഛൻ..
    അറിയാത്തലോകങ്ങ,ളാഴിപ്പരപ്പുകൾ
    സ്വയമേ നരൻ തീർത്ത പ്രതിസന്ധികൾ
    ഒരു വിശ്വപൗരന്റെ തെളിവാർന്ന ചിന്തയും
    ഒരുപോലെയെന്നിൽ പകർന്നിതച്ഛൻ..

    അറിയാതെ വാക്കുകൾ കൊണ്ടു ഞാനച്ഛനെ
    ഒരുപാടു വേദനിപ്പിച്ചനേരം
    നെടുവീർപ്പിലെല്ലാ,മൊതുക്കിയെൻ കൺകളിൽ
    വെറുതേ മിഴി നട്ടിരുന്നിരുന്നു...

    നിറമുള്ള സ്വപ്നങ്ങ,ളായിരം തുന്നിയോ-
    രുറുമാലുമായൊരാൾ വന്ന കാലം
    പുതു നിശാ ശലഭങ്ങ,ളന്തിക്കു നെയ്ത്തിരി-
    പ്രഭയിലേയ്ക്കെത്തി,പ്പൊലിഞ്ഞുപോകും-
    കഥപറഞ്ഞെന്നെ,യണച്ചുപിടിച്ചതെൻ
    കരളിൽ വിതുമ്പലായ് തങ്ങി നില്പ്പൂ..

    ഒരുവാക്കുമോരാതെ,യൊരു നാളിലെന്നമ്മ
    മൃതിദേവതയ്ക്കൊപ്പമങ്ങു പോകേ
    പുകയുന്ന നെഞ്ചകം പുറമേയ്ക്കു കാട്ടാതെ-
    യൊരു ജ്വാലാമുഖിപോലെ നിന്നിതച്ഛൻ..

    ചിലനേരമമ്മത,ന്നോർമ്മയിൽ എൻ മിഴി
    നിറയുന്നകാൺകേ,യടുത്തു വന്നെൻ
    മുഖമൊറ്റമുണ്ടിന്റെ കോന്തലാ,ലൊപ്പുവാൻ
    മുതിരുന്നൊരച്ഛനെൻ മുന്നിലുണ്ട്‌...

    പുതുലോക ജീവിത വ്യഥകളില്പ്പെട്ടു ഞാൻ
    മറു നാട്ടിലേയ്ക്കു തിരിച്ചിടുമ്പോൾ
    ഒരു സാന്ത്വനത്തിന്റെ വാക്കിനായ്‌ പരതിയെൻ
    കരമാർന്നു വിങ്ങിയതോർത്തിടുന്നു...

    ഗതികേടിലാശ്രയ,മില്ലാതിന്നച്ഛനെ
    ഒരു വൃദ്ധസദനത്തി,ലാക്കിടുമ്പോൾ
    നെറികെട്ട ഞാൻ വൃഥാ കരയുന്നു;കണ്ണുനീർ-
    ക്കണമൊപ്പുവാനച്ഛൻ വെമ്പിടുന്നു...

    ---(-----

    ReplyDelete
  7. അക്ഷരമാലകൾ ചൊല്ലിപഠിപ്പിച്ചോ-
    രക്ഷയപാത്രമാണെന്റെച്ഛൻ
    എല്ലാം ക്ഷമിയ്ക്കുന്ന എല്ലാം പൊറുക്കുന്ന
    കാരുണ്യമൂർത്തിയാണെന്റെയച്ഛൻ

    ReplyDelete
  8. സ്നേഹവും കാരുണ്യവും വഴിമാറി പോകുന്ന വര്‍ത്തമാനകാലത്ത് അച്ഛനെ ഭയപ്പെടേണ്ടി വരുന്ന കണ്ണുകളോടു ഇത്തിരി സഹതാപം രേഖപ്പെടുത്തുന്നു. എങ്കിലും..

    അക്ഷരമാലകൾ ചൊല്ലിപഠിപ്പിച്ചോ-
    രക്ഷയപാത്രമാണെന്റെച്ഛൻ
    എല്ലാം ക്ഷമിയ്ക്കുന്ന എല്ലാം പൊറുക്കുന്ന
    കാരുണ്യമൂർത്തിയാണെന്റെയച്ഛൻ

    നല്ല വരികള്‍.. ആശംസകള്‍....

    ReplyDelete
  9. നല്ല വരികള്‍.....
    ആശംസകള്‍

    ReplyDelete
  10. അച്ഛനെ കുറിച്ചുള്ള ചിന്ത
    ഏറെ ഇഷ്ടപ്പെട്ടു ...അഭിനന്ദനങ്ങൾ .

    ReplyDelete
  11. അച്ഛനെ കുറച്ചു പറയുവാൻ ഇനി വാക്കുകളില്ല...
    പറയുവാൻ വാക്കുകൾ കിട്ടുന്നില്ല....
    കവിതയും ആലാപനവും മനോഹരം

    എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  12. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി.. ശുഭസായാഹ്നം..!

    ReplyDelete
  13. ഫാദേഴ്‌സ് ഡേ സ്പെഷ്യൽ!

    ReplyDelete