Saturday 24 August 2013

മനുഷ്യപ്രദർശനം



ചെങ്കല്‍കവാടം നരച്ച വിളക്കുകള്‍
മഞ്ഞയുടുത്ത മരിച്ച മാഞ്ചില്ലകള്‍
ഗന്ധമില്ലാത്ത പുഷ്‌പങ്ങള്‍
നമസ്‌കാരസംഗീതമാലപിക്കും
ഊര്‍ജസംഘങ്ങള്‍
ഒന്നാം മണിമുഴങ്ങുമ്പോള്‍ പ്രവേശനം
ഇന്ന്‌ ഉച്ചതൊട്ട്‌ മനുഷ്യപ്രദര്‍ശനം!
യന്ത്രജന്മങ്ങൾ നഗരപിതാവിനാല്‍
ഗന്ധര്‍വരെന്നു വാഴ്‌ത്തപ്പെട്ട ജീവികള്‍
വന്നിരിക്കുന്നു കുടുംബങ്ങളായ്‌
കുറെ കുഞ്ഞു റോബോട്ടുകള്‍ ഓടിക്കളിക്കുന്നു.
ഉദ്‌ഘാടനാനന്തരം പട്ടുടുപ്പിട്ടു
വിദ്യുല്‍ക്കരങ്ങളുയര്‍ത്തി
ഒരു ലോഹപുത്രന്‍ വരുന്നു
വിശദീകരിക്കുന്നു..
ബുദ്ധിമാന്‍മാര്‍ നമ്മള്‍ യാന്തികവംശജര്‍
തൊട്ടും തുടച്ചും അശുദ്ധമാക്കീടരുത്‌
ഒറ്റമനുഷ്യപ്രദര്‍ശനവസ്‌തുവും.
കാണുക ഈ കരിങ്കൂറ്റന്‍ പെരുന്തച്ചന്‍
ഈ കൈകളാല്‍ തീര്‍ത്തതാണ്‌ സര്‍വ്വസ്വവും.
കണ്ണീരിനാല്‍ കരള്‍കിണ്ണം നിറച്ചവന്‍
കണ്ണടയ്‌ക്കാതെ നടന്നു വിയര്‍ത്തവന്‍
പെറ്റമ്മയാണിവൾ, നൂറ്റൊന്നു മക്കളെ
തെറ്റാതെ മാര്‍ഗം തെളിച്ചു വളര്‍ത്തിയോൾ
കഷ്ടത തിന്നു മാറത്തലച്ചോടിയോള്‍
ശിഷ്ടജന്മത്തെ ശപിച്ചു ജീവിച്ചവള്‍
ഇതു കവി വൃദ്ധിക്ഷയങ്ങള്‍ക്കുമപ്പുറം
സ്ഥിരതാരകപ്രഭ മുള്‍മുടിയാക്കിയോന്‍
ഇരവുപകലില്ലാതെ വര്‍ത്തമാനത്തിന്റെ
കുരിശും ചുമന്നു മലകേറിയോന്‍ പീഢിതന്‍
നിന്ദിതര്‍ നില്‍ക്കും പ്രദര്‍ശനശാലയില്‍
നിര്‍വികാരം നടക്കുന്നൂ റോബോട്ടുകള്‍
കാട്ടുതേന്‍ കാത്ത മുളങ്കുഴലാണിത്‌
ഗോത്രരാജവിന്‍ ജനനേന്ദ്രിയമിത്‌
ശാസ്‌ത്രക്കാരന്റെ തലച്ചോറിത്‌,
നീല നേത്രങ്ങളാല്‍ വേട്ടയാടിയ പെണ്ണിത്‌.
യന്ത്രസല്ലാപം പിറക്കുന്നതിന്‍ മുന്‍പ്‌
സംഗമഗീതം കുടിച്ച കാട്ടാറിവള്‍
ഞായറോടൊപ്പമുണര്‍ന്നു നിലങ്ങളില്‍
ഞാറു നട്ടിട്ടും വിശന്ന കരുത്തിവള്‍
പാറ പൊട്ടിച്ചു വിയര്‍ത്തിട്ടുമോര്‍മയില്‍
പാല്‍ നിറം പോലുമില്ലാത്ത മരുത്തിവൻ
ഇതു ഹൃദയം, ഇതു വിരൽ, ഇതു കാല്‍നഖം.
സ്നേഹഹഭരിതം ത്രസിച്ച ഞരമ്പുകളാണിത്‌
സ്മരണകള്‍ സൂക്ഷിച്ച മസ്‌തിഷ്‌കമാണിത്‌.
ഇതു മുഖം, ഇതു മുടി, ഇതു മുലപ്പാല്‍പൊടി.
വജ്രം വിളഞ്ഞ ചരിത്രഖനികളില്‍
ലജ്ജയില്ലാതെയലഞ്ഞു റോബോട്ടുകള്‍
പെട്ടെന്നു ചെങ്കല്‍കവാടത്തിനപ്പുറം
പൊട്ടിതെറിച്ചണുബോംബുകള്‍
സര്‍വവും കത്തിയമര്‍ന്നു
പ്രകമ്പനം കൊള്ളുന്നു നക്ഷത്രവും
സൂര്യനേത്രവും സൂക്ഷ്‌മവും
കൂറ്റിരുട്ടിന്റെ കാര്‍ബണ്‍ പുതപ്പിന്നുള്ളില്‍
മുട്ടി മരിച്ചുകിടക്കുന്നു യാന്ത്രികര്‍
അപ്പൊഴും മര്‍ത്ത്യശില്‍പങ്ങള്‍ വിളിക്കുന്നു
മൃത്യുവില്ലാത്തോര്‍ പ്രദര്‍ശനം കാണുക!

 
ചെങ്കൽ കവാടം (Click here to download)
കവിത: മനുഷ്യപ്രദർശനം
രചന: കുരീപ്പുഴ
ആലാപനം: കുരീപ്പുഴ

7 comments:

  1. മൃത്യുവില്ലാത്തോര്‍ പ്രദര്‍ശനം കാണുക!

    ReplyDelete
  2. കുരീപ്പുഴയുടെ ബ്ലോഗില്‍ ഈ കവിത വായിച്ചപ്പോള്‍ ഞാന്‍ സ്തബ്ധനായി ഇരുന്നുപോയി. പിന്നെ ഒരു ലിങ്ക് ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഇടുകയും ഈ കവിത നന്നായി വായിയ്ക്കപ്പെടുകയും ചെയ്തു.

    ഇനിയൊന്ന് കേള്‍ക്കട്ടെ!!

    ReplyDelete
  3. അജിതട്ടന്റെ ലിങ്കിലൂടെ പോയി കവിത വായിച്ചിരുന്നു.. അവിടെ ഒന്നും പറയാന്‍ എനിക്കൊന്നും ഒരു യോഗ്യത ഇല്ലെന്നു തോന്നി. ആ കവിത ഇത്ര മനോഹരമായി ആലപിക്കാം എന്ന് ഞാന്‍ ഒട്ടും വിചാരിച്ചിരുന്നില്ല. വളരെ നന്നായിട്ടുണ്ട്.

    ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് മാറിയാണ് കിടക്കുന്നത്. അത് ഒന്ന് ശെരിയാക്കി ഇരുന്നെകില്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. നിങ്ങളെല്ലാം പറഞ്ഞതുപോലെ തന്നെ മാസങ്ങൾക്കു മുന്നെ ഈ കവിത കേട്ടപ്പോൾ ഞാനും തരിച്ചിരുന്നു പോയി. ഇന്നിന്റെ സാഹചര്യത്തിൽ (സിറിയൻ രാസായുധാക്രമണം) ഏറ്റവും പ്രസക്തമായ കവിതയെന്നു തോന്നി. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.. നന്ദി!

      Delete
  4. കവിതയും,ആലാപനവും ഏതോ മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി!
    ആശംസകള്‍

    ReplyDelete