Wednesday 7 August 2013

പുലര്‍ക്കാലത്തിന്റെ രണ്ടാം വയസ്സ് ഒ.എം. രാമകൃഷ്ണന്റെ "ഒറ്റ" എന്ന കവിതയിലൂടെ പൂര്‍ണ്ണമാകുന്നു..!

പ്രിയരെ;

ഇന്നിവിടെ "പുലർക്കാലം" രണ്ട് വർഷം പൂർത്തിയാക്കുന്നു. കാവ്യഭൂവിലൂടെ പിച്ചവെച്ചു നടന്ന രണ്ട് വർഷക്കാലം; മലയാളത്തിലെ കുറച്ച് കവിതകൾ ഇവിടെ പരിചയപ്പെടുത്തുവാൻ കഴിഞ്ഞതിൽ തീർത്തും കൃതാർത്ഥനാണ്. ഈ സുന്ദരദിനത്തിൽ ഒ. എം രാമകൃഷ്ണൻ രചിച്ച്, ബാബു മാഷ് ആലപിച്ച ഒരു മനോഹരമായ കവിത ഏവർക്കുമായി സമർപ്പിയ്ക്കുന്നു.

പുലർക്കാലത്തെ സാക്ഷാത്കരിച്ച വർഷിണിയ്ക്കും, എന്നും പുലർക്കാലത്തിനുവേണ്ടി വളരെ ശ്രേഷ്ടമായ കവിതകൾ സമ്മാനിച്ച ബാബുമാഷിനും, പിന്നെ പുലർക്കാലത്തിൽ വിരിയുന്ന ഓരോ കവിതകളുടെയും ആസ്വാദകരയ എല്ലാ സമാനഹൃദയർക്കും ഒരിയ്ക്കൽ കൂടി നന്ദി!

കവിയെ കുറിച്ച്: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനനം. ഇപ്പോള്‍ പയ്യന്നൂരില്‍ ബേങ്ക് ജീവനക്കാരുടെ സഹകരണ സ്ഥാപനത്തില്‍ ജോലി. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. തലക്കാവേരി എന്ന പേരില്‍ ഒരു കവിതാ സമാഹാരം ഇറങ്ങിയിട്ടുണ്ട്. പ്രസ്തുത കവിത സമാഹാരം 2013 ലെ മൂടാടി ദാമോദരൻ പുരസ്ക്കാരത്തിനർഹമായി. കൂടാതെ "വയലറ്റ്" എന്നബ്ലോഗ് സ്പോട്ടിൽ അദ്ധേഹം കവിതകൾ എഴുതുന്നു.



ഒറ്റയ്ക്കിരിയ്ക്കണം
കഴിഞ്ഞുപോലെന്തോ ചിലതോർത്ത്
ഒറ്റയ്ക്കിരിയ്ക്കണം
ഓർമ്മകളിലെന്തായിരിയ്ക്കുമെന്നോർക്കാതെ
ഒന്നുമില്ലാതെ
വന്നുപോം നിനവുകളോരോന്നും
വേർപിരിയ്ക്കാതെ ഒറ്റയ്ക്കിരിയ്ക്കണം
ദിനരാത്രമെന്നപോൽ ഒന്നിച്ച്, തനിച്ച്
എന്നോ പറഞ്ഞ വാക്കുകൾ
എന്നോ കണ്ടതാം നിറമേന്മകൾ
ചെറുചലനങ്ങൾ, പ്രകാശവേഗത
ദീപ്ത സുഖ ദു:ഖ സഞ്ചാരപദങ്ങൾ
സ്വപ്ന സാന്ധ്യമാം കാലപ്രവാഹം
ഒക്കെയും ഒരു മൃദുസ്പർശമായ് വന്നണയുമോ..?
ഒറ്റയ്ക്കിരിയ്ക്കണം
പരസ്പരം കുറുകിയും ചിക്കി ചികഞ്ഞും
ദൂരെ ഏകാന്തമേതോ ശിഖരത്തിൽ
ചേക്കേറുമൊരു പക്ഷിയുടെ മനസ്സുമായ്
ഒന്നിച്ച് തനിച്ച് വേർപിരിഞ്ഞ്
അങ്ങിനെ അങ്ങിനെ..
ഹാ! എത്ര സാഹസം..!

വീഡിയോ വേർഷൻ:-
 

 
ഒറ്റയ്ക്കിരിയ്ക്കണം (Click here to download)
കവിത: ഒറ്റ
രചന: ഒ.എം. രാമകൃഷ്ണൻ
ആലാപനം & ആവിഷ്ക്ക്ക്കാരം: ബാബു മണ്ടൂർ

12 comments:

  1. മനോഹരമായ കവിത.ഹൃദ്യമായ ആലാപനം

    ReplyDelete
  2. പിറന്നാളുകൾ വർഷത്തിൽ ഒരിക്കലാണ് വരാറുള്ളതെങ്കിലും എന്നും പിറന്നാൾ സദ്യ മനോഹരമായി വിളമ്പി തരുന്ന കൊച്ചു മുതലാളിക്കും സംഘത്തിനും ഈ ബ്ലോഗിനും ആയുരാരോഗ്യ സൌഖ്യം നേരുന്നു
    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

    ReplyDelete
  3. ആശംസകള്‍. ഇനി കവിത കേള്‍ക്കട്ടെ

    ReplyDelete
  4. പിച്ചവെച്ചുയരും പുലർക്കാലമേ...സ്നേഹം..പിറന്നാളാശംസകൾ..
    ബാബുമാഷിനും രാമകൃഷ്ണനദ്ദേഹത്തിനും ആദരവ്‌ പ്രകടിപ്പിക്കുന്നു..
    നന്ദി..!

    ReplyDelete
  5. കാഴ്ച - കവിത (ഒ. എം രാമകൃഷ്ണന്‍)

    സഖീ...
    ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
    മനസ്സ് കാറ്റാവണം.
    ആലിലപോലെ ചിരിക്കണം.

    നാം രണ്ടെന്ന തിരിച്ചറിവില്‍
    കൌമാര സ്വപ്നങ്ങളുടെ അന്ധത
    വെറും തോന്നലായി ലയിച്ചു തീരണം.

    പടവുകള്‍ കയറിയിറങ്ങുമ്പോള്‍
    കാല്‍പാടുകള്‍
    വേറെത്തന്നെ വീഴണം.

    ReplyDelete
  6. പുലർക്കാലത്തിനും, സാരഥികൾക്കും, പ്രിയ കവി ഒ.എം രാമകൃഷ്ണനും, ബാബു മാഷിനും ഹൃദയം നിറഞ്ഞ ആശംസകൾ.. അഭിനന്ദനങ്ങൾ.
    കവിത ഉഗ്രനായി!

    ReplyDelete
  7. പിറന്നാളാശംസകൾ ... സന്തോഷം, നന്ദി ...അനിൽ. നല്ല കവിത ...ബാബു മാഷ്ടെ മനോഹരമായ ആലാപനം ...

    ReplyDelete
  8. വിജേഷ്8 August 2013 at 18:57

    ഇനിയും ജൈത്രയാത്ര തുടരട്ടെ.. ആശംസകൾ!

    ReplyDelete
  9. ഹൃദയംനിറഞ്ഞ പിറന്നാള്‍ ആശംസകള്‍
    ഉയരങ്ങള്‍ താണ്ടാനുള്ള കെല്പ്പുണ്ടാകട്ടെ എന്ന
    പ്രാര്‍ത്ഥനയോടെ

    ReplyDelete
  10. എല്ലാവിധ ആശംസകളും,
    കൊച്ചുമുതലാളിക്കും സംഘത്തിനും.

    ReplyDelete
  11. കേട്ടു. അര്‍ത്ഥവത്തായ വരികള്‍. മനോഹരമായ ആലാപനം

    ReplyDelete
  12. പുലർക്കാലത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന ഏവർക്കും നന്ദി. ശുഭസായാഹ്നം!

    ReplyDelete