Saturday 14 December 2013

ചെറുത്



വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ
ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ
വലുതെങ്ങനെ വലുതായെന്നറിയുന്നുണ്ടേ
ചെറുതെങ്ങനെ ചെറുതായെന്നറിയുന്നുണ്ടേ
വലുതിന്റെ വേരുനീരു വലിച്ചുമോന്തി
ചെറുതിന്റെ വേരുദാഹം കുടിച്ചുറങ്ങി
വലുതങ്ങനെ വെയിൽ തിന്നു വലുതാകുമ്പോൾ
ചെറുതങ്ങനെ നിഴൽ തിന്നു ചെറുതാകുന്നു
വലുതങ്ങനെ വളർന്നങ്ങനെ വലുതാകുമ്പോൾ
ചെറുതങ്ങനെ തളർന്നങ്ങനെ ചെറുതാകുന്നു
വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ
ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ

വലുതപ്പോൾ ചെറുതിന്നോരു സന്ധിയോതുന്നു
ചെറുതിന്റെ കരംതൊട്ടു കരാറോതുന്നു
ഞാൻ നിനക്കെൻ കരം വീശി തണൽ നൽകീടാം
നീയെനിക്കു നിന്റെ ചോട്ടിലെ ജലം നൽകീടൂ
മഴയത്തു ഞാൻ നിനക്ക് കുടയായീടാം
നീയെനിക്കു നിന്റെ വേരിൽ ഇടം നൽകീടൂ
ചെറുതിന്റെ കരൾ നൊന്തു കനം തൂങ്ങുന്നു
തൊണ്ടനീരു വറ്റി നാവും വരണ്ടീടുന്നു

തണ്ടുവേരമ്മയെ നോക്കി കരഞ്ഞുറങ്ങി
ഇലപ്പേരമ്മയെ നോക്കി കരിഞ്ഞുണങ്ങി
ഇളയ നാമ്പുകൾ ഇലചേച്ചിക്കിടം കായുന്നു
നിവർന്നു നിൽക്കുവാനാകാതകം നോവുന്നു
ചെറുതിന്റെ ഉള്ളിലഗ്നി തിടമ്പേറുന്നു
ഇളം കാറ്റായ് കൊടുംകാറ്റായുലഞ്ഞാടുന്നു
പെരുംകാളി പെണ്ണിനെപ്പോൽ ഉറഞ്ഞാടുന്നു
വലുതിന്റെ വേരുതോണ്ടി കുളംകോരുന്നു
നിന്ന നിൽപ്പിൽ ചരിഞ്ഞൊരു  ഗജം പോലപ്പോൾ
തെക്ക് നോക്കി വലുതിന്റെ കൊമ്പു ചായുന്നു
അന്തിവേനൽ തൊടുംന്നേരം
ചെറുതിന്റെ  കവിൾ ചോന്നു
ആ ചുവപ്പിൽ ചക്രവാളം ചുവന്നീടുന്നു..

 
വലുതൊക്കെ (Click here to download)
കവിത: ചെറുത്
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: മുരുഗൻ കാട്ടാക്കട

8 comments: