Saturday 11 January 2014

വൃക്ഷം



മരമായിരുന്നു ഞാന്‍
പണ്ടൊരുമഹാനദി-
ക്കരയില്‍ നദിയുടെ
പേരുഞാന്‍ മറന്നുപോയ്
നൈലോ യുഫ്രട്ടിസോ
യാങ്റ്റ്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളു-
മോര്‍മ്മ കാണണമവര്‍
കഴലിന്‍ ചിറകുള്ള സഞ്ചാരപ്രിയര്‍
നിലത്തെഴുതാന്‍ പഠിച്ചവര്‍
പറയാന്‍ പഠിച്ചവര്‍
ഒന്നുമാത്രമുണ്ടോര്‍മ
പണ്ടേതോ ജലാര്‍ദ്രമാം
മണ്ണിന്റ്റെ തരുനാഭി-
ചുഴിയില്‍ കിളിര്‍ത്തുഞാന്‍
കാലത്തിൻ  വികസിയ്ക്കും
ചക്രവാളങ്ങൾ തേടി
ഗോളകോടികൾ പൊട്ടി-
ചിതറി പറക്കുമ്പോൾ
താരാകാന്ധര ക്ഷീരപദങ്ങൾ
സ്പെയ്സിൽ വാരി വാരി വർഷിയ്ക്കും
ജീവജ്വാലകൾ തേടി തേടി
എന്നിലായിരം കൈകൾ മുളച്ചു
നഭസ്സിന്റെ സ്വർണ്ണകുംഗങ്ങൾ
വാങ്ങിക്കുടിച്ചു ദാഹം തീർക്കാൻ
പച്ചിലകളാൽ എന്റെ
നഗ്നത മറച്ചു ഞാൻ
സ്വച്ഛശീതളമായ മണ്ണിൽ
ഞാൻ വേരോടിച്ചു
അസ്ഥികൾ പൂത്തു
മണ്ണിന്നടിയിൽ ഇണചേർന്ന്
നഗ്നരാം എൻ വേരുകൾ
പ്രസവിച്ചെഴുന്നേറ്റു..
മുലപ്പാൽ നൽകി
നീലപ്പൂന്തണൽ പുരകെട്ടി
വളർത്തി ഞാൻ കുഞ്ഞുങ്ങളെ
വംശം ഞാൻ നിലനിർത്തി
ഇടത്തും വലത്തും നിന്ന്
ഋതുകന്യകൾ താലം പിടിയ്ക്കും തേ-
രിൻ തിരക്കിട്ട യാത്രയിൽ പോലും
ഒരു കാൽക്ഷണം  മുൻപിൽ നിൽക്കാതെ
ചിരിയ്ക്കാതെ, ഒരു പൂ മേടിയ്ക്കാതെ
പോവുകില്ല എന്നും കാലം
വനദേവതയുടെ പുഷ്പമേടയിൽ നിന്നോ
വസന്ത സരോജത്തിൻ പൊന്നിതൾ കൂട്ടിൽ നിന്നോ
പീലിപ്പൂം ചിറകുള്ള രണ്ടിളം കിളികൾ
എൻ തോളത്തു പറന്നിരുന്നൊരുന്നൾ എന്തോ പാടി
കാതോർത്തു നിന്നു ഞാനും പൂക്കളും
ആ പാട്ടിന്റെ ചേതോഹാരിയാം
ഗന്ധം ഞങ്ങളിൽ നിറയുമ്പോൾ
ഞാനറിയാതെ പൂക്കൾ തേൻ ചുരത്തിപ്പോയ്
എന്റെ താണചില്ലയിൽ കാറ്റിൽ
 കിളികൾ ഊഞ്ഞാലാടി
എൻ ഇലക്കൈകൾ കിളിക്കൂടുകളായി
അന്തരിന്ദ്രിയങ്ങളിൽ മൗനസംഗീതം കുളിർ കോരി
ഉറക്കെ പാടാൻ തോന്നി
പാട്ടുകൾ എൻ ആത്മാവിന്നുള്ളിൻ
അറകൾക്കുള്ളിൽ കിനടന്നങ്ങനെ  ശ്വാസംമുട്ടി..
അന്നൊരു ശരത്കാല പൗർണ്ണമി
ഒരുക്കിയ ചന്ദനപ്പുഴനീന്തിക്കടന്നു നടന്നൊരാൾ
സൗമ്യശാന്തനായ്  എന്റെ അരികത്തെത്തി
സ്വർഗ്ഗസൗകുമാര്യങ്ങൾ കടഞ്ഞെടുത്ത ശില്പം പോലെ
ആയിരം മിഴിപ്പൂക്കൾകൊണ്ടുഞാൻ
ആ സൗന്ദര്യം  ആസ്വദിയ്ക്കുമ്പോൾ
എന്നെ രോമാഞ്ചം പൊതിയുമ്പോൾ
മറ്റൊന്നുമോർമ്മിയ്ക്കാതെ നിൽക്കുമ്പോൾ
എൻ കൈയ്ക്കൊരു വെട്ടേറ്റു
 മുറിഞ്ഞതു തെറിച്ചു വീണു മണ്ണിൽ
ഞെട്ടിപ്പോയ്  അസഹ്യമാം നൊ-
മ്പരം കൊണ്ടെൻ നെഞ്ചുപ്പൊട്ടിപ്പോയ്
കണ്ണീർക്കണ്ണൊന്നടച്ചു തുറന്നു ഞാൻ
നിർദ്ദയം അവൻ എന്റെ ഒടിഞ്ഞ-
കയ്യും കൊണ്ട് നിൽക്കുന്നു
ഞെരിച്ചെനിയ്ക്കവനെ കൊല്ലാൻ തോന്നി
പിച്ചളപ്പിടിയുള്ള കത്തിയാൽ
അവനെന്റെ കൊച്ചു കൈതണ്ടിൻ
വിരൽ മൊട്ടുകൾ അരിയുന്നു
മുത്തുകെട്ടിയ മൃതുസ്മേരവുമായ്
എൻ എള്ളുചെത്തിയും മിനുക്കിയും
ചിരിച്ചു രസിയ്ക്കുന്നു
അപ്പോഴും പ്രാണൻ വിട്ടുപോകാതെ
പിടയുമെൻ അസ്ഥിയിൽ അവൻ
ചില നേർത്ത നാരുകൾ കെട്ടി
നീണ്ട കൈനഖം കൊണ്ട് തൊട്ടപ്പോൾ
എവിടെ നിന്നോ നിർഗ്ഗളിയ്ക്കുന്നു
നാദബ്രഹ്മത്തിൻ കർണ്ണാമൃതം
എന്റെ മൗനത്തിൻ നാദം
എന്റെ ദുഃഖത്തിൻ നാദം
 എന്റെ സംത്രാസത്തിന്റെ
ഏകാന്ത തുടിത്താളം
അടഞ്ഞുകിടന്നൊരെൻ ആത്മാവിൻ
ഗർഭഗൃഹ നടകൾ തുറക്കുമാ
ദിവ്യമാം നിമിഷത്തിൽ
ഉറക്കെ പാടി ഞാനാവീണയിലൂടെ
കോരിത്തരിച്ചു നിന്നു ഭൂമി
നമ്രശീർഷയായ്  മുന്നിൽ
മരത്തിൻ മരവിച്ച കോടരത്തിലും
പാട്ടിൻ ഉറവകണ്ടെത്തി-
യോരാഗാന കലാലോലൻ
ശ്രീ സ്വാതിതിരുന്നാളോ, ത്യാഗരാജനോ,
ശ്യാമശാസ്ത്രിയോ, ബിഥോവനോ,
കബീറോ, രവീന്ദ്രനോ..

മരമായിരുന്നു (Click here to download)
കവിത: വൃക്ഷം
രചന: വയലാർ
ആലാപനം: മധുസൂദനൻ നായർ

13 comments:

  1. എത്ര മനോഹരകവിത

    ReplyDelete
  2. മനോഹർമായ വിലാപ കാവ്യം.. ഒരു വേള ഒമ്പതാം ക്ലാസ്സ് റൂം ഓർമ്മ വന്നു..

    ReplyDelete
  3. പഠിച്ചിട്ടുണ്ട് സ്കൂളിൽ ...വീണ്ടും വായിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ..നന്ദി ..

    ReplyDelete
  4. മനോഹരമായിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
  5. ഈ ഓര്‍മ്മപ്പെടുത്തലിന്
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. എന്തൊരു കവിത.. ല്ലേ..

    ReplyDelete
  7. വിജേഷ്12 January 2014 at 17:07

    ഹൃദ്യ,..!
    ആലാപനം അതിമനോഹരം..

    ReplyDelete
  8. കരയുന്നൂ, ചരിയുന്നൂ വരങ്ങൾ..!!

    വളരെ മനോഹരമായ കവിത.ആലാപനവുമതു പോൽ..


    ശുഭാശംസകൾ......

    ReplyDelete
  9. മനോഹരമായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  11. എന്റെ ഫേവറേറ്റ് കവിത.. നന്ദി!

    ReplyDelete