Saturday 15 March 2014

കാഴ്ച



ഹരീഷ്  പാടുന്നു..
ജമുനാ കിനാരെ.
കറുത്ത കണ്ണട
വഴികാട്ടിയാം വടി
ഹാർമോണിയത്തിൽ
വിരലുകൾ തപ്പുമ്പോൾ
ആരോഹണങ്ങളിൽ
അവനു കാഴ്ച!

മേഘങ്ങൾക്കു മുകളിലായ്
ആകാശത്തിനപ്പുറത്തായി
ഞാൻ പറക്കുന്നു
ഹരീഷ്  പാടുന്നു..

ഞാൻ കണ്ണടച്ചിരിയ്ക്കുന്നു
ഞാൻ ഞാനാകുന്നു
ഞാൻ അപ്പൂപ്പൻ താടിയാകുന്നു
ഹരീഷ്  പാടുന്നു
താഴേയ്ക്കുമുയരേയ്ക്കും
ആട്ടിയുമിറയ്ക്കിയും
താളങ്ങളിൽ ബ്രഹ്മ-
താണ്ഡവം കാട്ടിയും
തെന്നലിൽ
തിരമാല കെട്ടഴിച്ചും
തേങ്ങലിൽ
തോടിയും, ശ്രീരാഗവും..
ഹരീഷ്  പാടുന്നു..

കണ്ണിറുക്കി കൊണ്ട്
താണുമുയർന്നും ഞാൻ
തന്മാത്രയായ്
പറന്നേയിരിയ്ക്കുന്നു
ഹരീഷ് പാടുന്നു
തുംഗങ്ങളിൽ നിന്ന്
താഴേയ്ക്ക് നോക്കുമ്പോൾ
അമ്പരപ്പിയ്ക്കാത്ത
താഴ്വര കാഴ്ചകൾ
കണ്ണിറുക്കി കൊണ്ട്
താണുമുയർന്നും ഞാൻ
തന്മാത്രയായ്
പറന്നേയിരിയ്ക്കുന്നു
ഹരീഷ് പാടുന്നു

നീയന്ധൻ!
ഞാനോ മഹാകൂരിരുട്ടത്ത്
കാണുവാൻ
പേരിന്നു കണ്ണുള്ളവൻ
നീ ഗായകൻ..
മഹാ തേജസ്സിൽ
അല്പം പകർന്നു
ഉജ്ജ്വലിപ്പവൻ
ഞാൻ ഇന്ദ്രിയ-
ങ്ങളാൽ പൂർണ്ണൻ
ഒരൊറ്റ നാൾ ജീവിതം
തവണകൾ പോലെ
ഒടുക്കിയൊടുക്കുവോൻ

ഒരു പോലെ ദുഃഖം
ഒരേ ചിരി ചന്തം
ഒരു പോലെ വാത്സല്ല്യം
ഒരു പോലെ കാമം
ഒരേ ഉറക്കം
ഒരേ പ്രഭാതം
ഒരു പോലെ ഉണ്ണൽ
ഉറങ്ങൽ ഉലാത്തൽ
ഒരു പോലെ ഭോഗം
ഒരു പോലെ ധ്യാനം
ഒരു പോലെ ജനന-
മരണാന്ത പ്രവർത്തികൾ
ആവർത്തനങ്ങൾ
മടുക്കുമ്പോഴാണെന്റെ
ആത്മ ബോധങ്ങളിൽ
നിന്റെ സാന്നിധ്യം!

സൂക്ഷ്മമാം ആത്മാവിൽ
ഊർന്നിറങ്ങും
നിന്റെ പാട്ട്
നിർവാണാംശ ദർശനം
എന്നെ നയിയ്ക്കു നീ
ഈ ഇരുട്ടത്തെന്റെ
മുമ്പേ നടക്കൂ
വെളിച്ചമായ്, വാക്കായ്..!

 
ഹരീഷ് (‌Click here to download)
കവിത: കാഴ്ച
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: മുരുഗൻ കാട്ടാക്കട

8 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ഇന്ദ്രിയപൂർണ്ണതകൾക്കു ഗോചരമല്ലാത്ത ചില പ്രകാശകിരണങ്ങൾ!!!, കേൾക്കുവാനാവാത്ത ചില നാദവീചികൾ!!!


    വളരെ മനോഹരമായൊരു കവിത

    ശുഭാശംസകൾ....

    ReplyDelete
  3. മുരുഗന്‍ കാട്ടാക്കടയുടെ ആലാപനം വളരെ ഇഷ്ടമാണ്.

    ReplyDelete
  4. മനോഹരമായ കവിതയും,ആലാപനവും.
    ആശംസകള്‍

    ReplyDelete
  5. Kavithayum alapanavum ishtamayi..

    ReplyDelete
  6. മനോഹരമായ കവിതയും,ആലാപനവും.
    ആശംസകള്‍.

    ReplyDelete
  7. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  8. സച്ചിദാനന്ദന്റെ "രാമനാഥൻ പാടുമ്പോൾ" -ന്റെ വളരെ വികലമായ അനുകരണം.
    ആലാപനത്തിന്റെ ഞരക്കങ്ങളിൽ മാത്രം ഇഴഞ്ഞു പുളയുന്ന, കുളിച്ചിട്ടും കുളിച്ചിട്ടും കവിതയാകാൻ സാധിക്കാത്ത പാട്ടിന്റെ പ്രേതം !



    സച്ചിദാനന്ദന്റെ കവിത കേൾക്കണമെങ്കിൽ ഇവിടെ ക്ലിക്കുക: http://lcweb2.loc.gov/mbrs/master/salrp/01704.mp3

    ReplyDelete